മുക്കം പാലം നിർമാണം; ടെൻഡർ നടപടികൾ വേഗത്തിലായി
1577986
Tuesday, July 22, 2025 4:53 AM IST
മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ അന്പത് വർഷത്തിലേറെ പഴക്കമുള്ള മുക്കം പാലം പുനർ നിർമിക്കാൻ നടപടി വേണമെന്നാവശ്യം നിലനിൽക്കെ കടവിൽ പുതിയ പാലം നിർമിക്കാൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
7.25 കോടി രൂപയുടെ ഭരണാനുമതി നേരത്തെ പാലം നിർമാണത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പിഎംആർ, പിടിഎസ് എന്നീ രണ്ട് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തതെന്നാണ് വിവരം. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണ ഘട്ടത്തിലേക്ക് കടക്കും.
മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച മിനി പാർക്ക് സംരക്ഷിച്ച് നിലവിലെ പാലം പൊളിക്കാതെ പാലത്തിന്റെ വലത് ഭാഗത്ത് പുതിയ മറ്റൊരു പാലം നിർമിക്കാനാണ് പദ്ധതി. ആറ് മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുക. നിലവിലെ പാലത്തിന് 6.5 മീറ്റർ വീതിയാണ് ഉള്ളത്. നിലവിലെ പാലത്തിന് സുരക്ഷ ഭീഷണി ഇല്ലെന്നും ആവശ്യമായ അറ്റകുറ്റപണികൾ നടത്തുമെന്നും ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ഒരു മാസം കൊണ്ട് ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തിയാരംഭിക്കാനാണ് ശ്രമം.
അതേ സമയം നിലവിലെ പാലം കാലപ്പഴക്കം കാരണം സിമന്റ് അടർന്നുവീണ് കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. ക്വാറി, ക്രഷർ യൂണിറ്റുകളിൽ നിന്ന് ടൺ കണക്കിന് ഭാരമുള്ള ലോഡുമായി ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. നിലവിൽ കിലോമീറ്ററിന് നാല് കോടിയോളം ചെലവഴിച്ച് സംസ്ഥാന പാത വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.
ഈ പ്രവൃത്തിക്കൊപ്പം തന്നെ കാരശേരി പഞ്ചായത്തിനെയും മുക്കം മുൻസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന ഈ പാലവും പുതുക്കിപ്പണിയുമെന്നായിരുന്നു കരുതിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് പാലത്തിന്റെ കൈവരികൾ അറ്റകുറ്റ പ്രവൃത്തി നടത്തുകയും പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തു കണ്ടു തുടങ്ങിയതിന് പുറമെ രണ്ട് പ്രളയങ്ങളുടെ കുത്തൊഴുക്കിൽ കരകളുടെ കെട്ടുകൾക്കും ബലക്ഷയം വന്നിട്ടുണ്ട്. നിലവിലുള്ള റോഡിന്റെ പകുതി വീതിയാണ് പാലത്തിനുള്ളത്.
രണ്ട് വലിയ വാഹനങ്ങൾക്ക് കഷ്ടിച്ചു കടന്നുപോകാനുള്ള വീതിയേയുള്ളു. ഇതു മൂലം പാലത്തിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്. പുതിയ ഒരു പാലം കൂടി വരുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. മാത്രമല്ല നിലവിലെ പാലം നിലനിർത്തുന്നതിനാൽ ഗതാഗതം വഴി തിരിച്ച് വിടേണ്ടിയും വരില്ല.