മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി ചുരം മഴയാത്ര
1577985
Tuesday, July 22, 2025 4:53 AM IST
കോടഞ്ചേരി: മഴയെ അറിഞ്ഞും ചുരത്തിലെ പ്രകൃതിഭംഗി ആസ്വദിച്ചും നടന്നുനീങ്ങിയ ചുരം മഴയാത്ര ആവേശമായി. 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പതിനൊന്നാം പതിപ്പിന്റെ ഭാഗമായാണ് ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മഴയാത്ര സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായ പരിപാടിയുടെ ഫ്ളാഗ് ഓഫ് ലക്കിടിയില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി മാനേജര്‍ ഷെല്ലി മാത്യു, റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി അംഗങ്ങളായ സി.എസ്. ശരത്, എം.എസ്. ഷെജിന്‍, ബെനീറ്റോ, ചുരം ഗ്രീന്‍ ബ്രിഗേഡ് അംഗങ്ങളായ മുഹമ്മദ് എരഞ്ഞോണ, ഷൗക്കത്ത് എലിക്കാട്, ഗഫൂര്‍ ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു.
ലക്കിടിയില്‍നിന്ന് തുടങ്ങി ചുരം രണ്ടാം വളവ് വരെ എട്ട് കിലോമീറ്ററോളം നടന്നെത്തിയ മഴയാത്രയുടെ സമാപനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംസു കുനിയില്‍ പ്രസംഗിച്ചു. മഴയാത്രയില്‍ പങ്കെടുത്ത മര്‍കസ് യൂനാനി കോളജ്, മര്‍കസ് ലോ കോളജ്, പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ലിസ കോളജ് മണല്‍വയല്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുറ്റിച്ചിറ, സി എം ആര്‍ട്സ് കോളജ് നടവയല്‍ തുടങ്ങിയവക്ക് ഉപഹാരം നല്കി. പങ്കെടുത്ത എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.