വി.എസ് നീതിമാനായ ഭരണാധികാരി: എം.പി. അഹമ്മദ്
1578195
Wednesday, July 23, 2025 5:12 AM IST
കോഴിക്കോട്: നീതിമാനായ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
മലബാർ ഗ്രൂപ്പിന്റെ ആവശ്യങ്ങളോട് എന്നും അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹം പുലർത്തിയത്. ആരുടെ പ്രശ്നമായാലും ശ്രദ്ധിക്കാനും ന്യായമായ കാര്യങ്ങളിൽ ശക്തമായി ഇടപെടാനും അദ്ദേഹം തയാറായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം വീട്ടിൽ കഴിയുമ്പോൾ വി.എസിനെ സന്ദർശിച്ചിരുന്നു.
വ്യവസായത്തിന്റെ കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ഒരു പാട് പേർക്ക് തൊഴിൽ നൽകുന്ന മലബാർ ഗ്രൂപ്പ് വളർന്നു വികസിക്കണമെന്ന ഉറച്ച സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു.
അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച നേതാവായിരുന്നു വി.എസ്. കേരള ജനതയുടെ മനസിൽ അദ്ദേഹത്തിന് മായാത്ത സ്ഥാനമുണ്ടെന്നും അഹമ്മദ് പറഞ്ഞു.