കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് സർവീസ് പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന്
1578202
Wednesday, July 23, 2025 5:12 AM IST
കോഴിക്കോട്: കോഴിക്കോട് -കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം റോഡിൽ ജീവനുകൾ നഷ്ടപ്പെടുന്നത് ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ജില്ലാ കളക്ടർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ആവശ്യപ്പെട്ടു.
ഈ റൂട്ടിലോടുന്ന പല ബസുകളിലെയും ജീവനക്കാരായി പ്രവർത്തിക്കുന്നത് ലൈസൻസ് പോലുമില്ലാത്ത ക്രിമിനൽ സംഘമാണ്. ഇതിന് വേണ്ടരീതിയിലുള്ള പരിശോധനയോ നടപടികളോ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് ഇത്തരം പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കപ്പെടാൻ കാരണം.
കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ ബസുകൾക്ക് മതിയായ വേഗത്തിൽ സർവീസ് നടത്താനുള്ള സമയക്രമങ്ങൾ അനുവദിക്കണം. പേരാമ്പ്ര ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുമ്പോൾ സമയക്രമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പോലീസ് എയിഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.