മലയോര ഹൈവേ: കയ്യേറ്റക്കാരെ സഹായിക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് ജനകീയ കർമ്മ സമിതി
1578205
Wednesday, July 23, 2025 5:19 AM IST
ചക്കിട്ടപാറ: വ്യക്തമായ രേഖകൾ മറച്ച് വച്ച് ചക്കിട്ടപാറ ടൗണിൽ കയ്യേറ്റക്കാരെ സഹായിക്കുന്ന രീതിയിൽ വീതി നിർണയിച്ച് മലയോര ഹൈവേ നിർമിക്കാനുള്ള ചിലരുടെ നീക്കത്തെ നിയമത്തിലൂടെ നേരിടാൻ ജനകീയ കർമ്മ സമിതിയും ബിജെപി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയും രംഗത്ത്.
പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള അഞ്ച് കിലോ മീറ്ററിൽ ചക്കിട്ടപാറ ടൗണിലെ കേവലം 200 മീറ്റർ ഭാഗത്തിന്റെ ശരിയായ സർവേ രേഖകൾ കാണാനില്ലെന്ന അധികൃതരുടെ ഭാഗം ആടിനെ പട്ടിയാക്കുന്ന നയമാണ്. റോഡിന്റെ വീതി നിർണയിക്കാൻ ഇതുവരെ നാല് അളവുകളാണ് നടത്തിയത്.
നാലും നാലു വിധത്തിലാണ് അളവ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡ് കയ്യേറ്റക്കാരെ സംരക്ഷിക്കാനാണിത്. ഇത് ജനം അംഗീകരിക്കില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ അഭിഭാഷകരായ സുമിൻ എസ്. നെടുങ്ങാടൻ, ബെന്നി കാരിമറ്റം എന്നിവരുടെ സാന്നിധ്യത്തിൽ ചക്കിട്ടപാറ വ്യാപാരഭവൻ ഹാളിൽ റോഡിന്റെ വീതി അളവ് സംബന്ധിച്ച് ലഭ്യമായ രേഖകൾ പരിശോധിച്ചു.
പരിശോധനയെത്തുടർന്ന് ഹൈക്കോടതിയുടെ നിയമ സഹായം തേടാൻ തീരുമാനിച്ചു. ജനകീയ കർമ്മ സമിതി കൺവീനർ രാജൻ വർക്കി, ബിജെപി നേതാക്കളായ ബാബു പുതുപ്പറമ്പിൽ, പത്മനാഭൻ പൊറോത്ത്, ശ്രീനിവാസൻ മനക്കൽ, വി.വി.രാജൻ, ചക്കിട്ടപാറയിലെ പ്രമുഖ വ്യവസായി സജി കാരിമറ്റം എന്നിവർ സംബന്ധിച്ചു.