കല്ലാനോട് വീടുകളിൽ കുരങ്ങുകൾ വിലസുന്നു
1578198
Wednesday, July 23, 2025 5:12 AM IST
കൂരാച്ചുണ്ട്: ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിൽ കുരങ്ങുകളുടെ ശല്യത്തോടൊപ്പം കുരങ്ങുകൾ വീടുകളിലും കയറി വിലസുന്നു. കഴിഞ്ഞദിവസം കല്ലാനോട് ടൗണിന് സമീപമുള്ള കർഷകനായ ചെമ്പനാനി കുര്യന്റെ വീട്ടിലാണ് പകൽ സമയത്ത് കുരങ്ങ് എത്തിയത്. വീട്ടിലുള്ള സാധനങ്ങളും മറ്റും ഇവ നശിപ്പിക്കുന്നതായും പറയുന്നു.
സമീപ പ്രദേശങ്ങളായ കരിയാത്തുംപാറ, ഇരുപത്തെട്ടാംമൈലിലും കുരങ്ങു ശല്യം വ്യാപകമാണ്. ഈ മേഖലകളിൽ നാളീകേരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
കല്ലാനോട് ടൗണിന് സമീപത്തെ വീടുകളിലും കുരങ്ങ് ശല്യം ആരംഭിച്ചതോടെ നാട്ടുകാർ ഏറെ ആശങ്കയിലാണ്. ഇവ അക്രമകാരികളാകുന്നതും പ്രദേശവാസികളിൽ ഏറെ ഭീതി ജനിപ്പിക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ കുരങ്ങുകൾ ഇറങ്ങുന്നതിന് ശാശ്വതമായ പരിഹാര നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.