ബേപ്പൂർ ഫിഷിംഗ് ഹാർബർ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും
1578193
Wednesday, July 23, 2025 5:12 AM IST
ട്രോളിംഗ് നിരോധനം അവസാനിക്കും മുമ്പേ പ്രവൃത്തി പൂർത്തിയാക്കാന്‍ ശ്രമം
കോഴിക്കോട്: ട്രോളിംഗ് നിരോധന കാലയളവ് അവസാനിക്കും മുമ്പേ ബേപ്പൂർ ഫിഷിംഗ് ഹാർബർ നവീകരണം പൂർത്തിയാക്കാന്‍ ശ്രമം. ഹാർബർ വാർഫിലെയും പരിസരങ്ങളിലെയും എല്ലാ കേടുപാടുകളും തീർത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിനാണ് സർക്കാർ 25 ലക്ഷം രൂപ ചെലവഴിച്ച് ഹാർബർ അറ്റകുറ്റപ്പണി നടത്തുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കീഴിലാണ് പ്രവൃത്തി.
പ്രവേശന കവാടത്തിനടുത്ത് വാഹനങ്ങൾ തമ്പടിക്കുന്ന സ്ഥലത്തും കയറ്റുമതി ലേലപ്പുരയ്ക്കടുത്ത് പുതിയ വാർഫിന്റെ പ്രതലം 90 മീറ്ററും കോൺക്രീറ്റ് ചെയ്തു. ശുചീകരണം കൃത്യമായി നടക്കുന്നതിനും മലിനജലം ഉൾപ്പെടെ കെട്ടിനിൽക്കാതിരിക്കുന്നതിനുമായി ഓടകൾ ശരിയാക്കി 30 ഇടങ്ങളിൽ പുതിയ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചു.
കവാടത്തിനുനേരെയുള്ള പഴയ വാർഫിലും ഹാർബറിലെ മറ്റിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ പ്രതലങ്ങളെല്ലാം പുതുതായി കോൺക്രീറ്റ് ചെയ്തു. ഡീസൽ ബങ്കുകളുടെ പരിസരവും കോൺക്രീറ്റ് ചെയ്യുന്നതിനൊപ്പം കവാടവും കേടുപാടുകൾ തീർക്കുന്നുണ്ട്. 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും മുമ്പെ പ്രവൃത്തികൾ പൂർത്തിയാക്കും. ഹാർബർ വാർഫ് ബേസിനും പരിസരവും ആഴം കൂട്ടുന്നതിന് 5.94 കോടി ചെലവിൽ ഡ്രഡ്ജിംഗ് പ്രവൃത്തി കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചിരുന്നു.
കാലവർഷം ശക്തമായതിനാൽ താൽക്കാലികമായി നിർത്തിയ ഡ്രഡ്ജിംഗ് മഴ ശമിച്ചാൽ പുനരാരംഭിക്കും. ഹാർബാറിന് വടക്ക് ഭാഗത്തെ ലോ ലെവൽ ജെട്ടി മുതൽ തെക്ക് സിൽക്ക് കപ്പൽ പൊളിശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും 95,000 ക്യുബിക് മീറ്റർ പുഴയിലെ മണ്ണും ചെളിയും പാറയും നീക്കി ആഴംകൂട്ടുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
നിലവിൽ ഹാർബറിലും പരിസരത്തും നദിയിൽ മണ്ണടിഞ്ഞ് മത്സ്യബന്ധന യാനങ്ങൾ വന്നുപോകുന്നതിനും ഹാർബറിലടുപ്പിക്കുന്നതിനും പ്രയാസമുണ്ട്. വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ ഹാർബറിൽ നങ്കൂരമിടുന്നതിനും മീൻപിടിത്തത്തിന് പോകുന്നതിനും തടസ്സങ്ങളും പതിവാണ്.