വന്യമൃഗശല്യം: ‘വാരിക്കുഴി’ സമരവുമായി കിസാൻ സഭ
1265270
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കിസാൻസഭ ജില്ലാ കമ്മിറ്റി ’വാരിക്കുഴി’ സമരം നടത്തും. തിങ്കളാഴ്ച രാവിലെ 11ന് വാകേരിയിലെ സ്വകാര്യ കൃഷിയിടത്തിലാണ് ’വാരിക്കുഴി’ നിർമിക്കുക. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള പരന്പരാഗത രീതിയാണ് ’വാരിക്കുഴി’. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യും.
വന്യമൃഗപ്പെരുപ്പം നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കുക, വന്യജീവി പ്രതിരോധത്തിനു യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പദ്ധതികൾ നടപ്പാക്കുക, വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൃഷിനശിക്കുകയും ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക,
വന്യജീവി പ്രതിരോധവുമായി ബന്ധപ്പെട്ട് കർഷർക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുക, വനം-വന്യജീവി സംരക്ഷണ നിയമം കലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ’വാരിക്കുഴി’ നിർമാണമെന്ന് കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയി അറിയിച്ചു.