കോണ്ഗ്രസ് ജില്ലാതല ഗൃഹസന്ദർശന പരിപാടികൾക്ക് തുടക്കമായി
1587875
Saturday, August 30, 2025 5:55 AM IST
കാക്കവയൽ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോണ്ഗ്രസ് ഗൃഹസന്ദർശന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം മുട്ടിൽ പഞ്ചായത്ത് 12-ാം വാർഡ് വാഴവറ്റയിൽ ഷാജു നീറാന്പുഴയുടെ ഭവനത്തിൽ കൂപ്പണും ബ്രോഷറും നൽകി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. 31നകം ജില്ലയിലെ വാർഡുകളിലെ ഓരോ വീടുകളും മുഴുവൻ കയറി കോണ്ഗ്രസ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേതൃത്വം നൽകുന്ന ബിജെപിയും സിപിഎമ്മും വർഗീയതയും രാഷ്ട്രീയ ഫാസിസവും കേരളത്തിലും നടപ്പാക്കി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായി നേരിടുന്നതിനും ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനും കോണ്ഗ്രസ് പോരാട്ടം തുടരും.
കള്ളവോട്ടിലൂടെ അധികാരത്തിൽ വന്ന കേന്ദ്ര ഗവണ്മെന്റ് യഥാർഥ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റുകയും ചെയ്യുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടു വെട്ടിമാറ്റിയ ആളുകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിന് യുഡിഎഫിന്റെ കാലത്ത് നിയന്ത്രിത വിലയ്ക്ക് പൊതുവിതരണ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വിലകുറച്ച് നൽകിയിരുന്നു.
ഇപ്പോൾ വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതി മുട്ടിയിട്ടും വിപണിയേക്കാൾ വിലയിലാണ് ഭൂരിഭാഗം സാധനങ്ങളും സർക്കാർ സംവിധാനത്തിലൂടെ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുട്ടിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. ക്ഷീര കർഷക കോണ്ഗ്രസ് പ്രസിഡന്റ് എം.ഒ. ദേവസ്യ,
വാർഡ് പ്രസിസന്റ് ബിജു പബിക്കൽ, ജോണ് നടക്കൽ, റെജി പാറപ്പുറത്ത്, ത്യേസ്യാമ്മ സാനി, സെലിൻ, എൽ.ഡി. ഐസക്ക്, മേരി, ടോമി, സാജൻ, ബാബു, പി. ജോണ്സണ്, ഷാജി, പ്രിജു, ജിഥിൻ, വർഗീസ്, എം. ജോളി, പത്മനാഭൻ, അബിലാഷ്, ജോസ്, ചന്ദ്രൻ, സുനിൽ, ചന്തു, ബൂത്ത് പ്രസിഡന്റ് സി.ടി. ജോയി എന്നിവർ പ്രസംഗിച്ചു.