അജൈവ മാലിന്യങ്ങളാൽ പൂക്കളം തീർത്ത് ശുചിത്വമിഷൻ
1588730
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: അജൈവ മാലിന്യങ്ങളാൽ പൂക്കളം തീർത്ത് ശുചിത്വമിഷൻ. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ഓണപൂക്കളം തീർക്കുകയാണ് ശുചിത്വമിഷൻ.
ശുചിത്വമിഷൻ അജൈവ മാലിന്യങ്ങളാൽ തയാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു. ജില്ലയിൽ ഹരിതചട്ടം പാലിച്ചാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ശുചിത്വമിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കളക്ടർ പറഞ്ഞു.
തെർമോകോൾ, കാർബോർഡ്, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, തുണി, പ്ലാസ്റ്റിക് കയർ, പെപ്പ്, പേനയുടെ അടപ്പ്, ടയർ ട്യൂബ്, മിൽമ കവർ, സ്ട്രോ തുടങ്ങി വിവിധങ്ങളായ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് ഹരിതകർമ സേന കണ്‍സോർഷ്യം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ ചേർന്ന് വ്യത്യസ്തമായ പൂക്കളം ഒരുക്കിയത്. കൽപ്പറ്റ എസ്കെഎംജെ സ്കൂളിലെ ജൂബിലി ഹാളിൽ ജില്ലാ ശുചിത്വമിഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ശുചിത്വമിഷൻ കോഓർഡിനേറ്റർ എസ്. ഹർഷൻ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.ബി. നിധി കൃഷ്ണ, അക്കൗണ്ട്സ് അസിസ്റ്റന്റ് കോഓർഡിനേറ്റർ പി.എസ്. സഞ്ജയ്, ടെക്നിക്കൽ കണ്‍സൾട്ടന്റ് എസ്. ശ്രീനിഷ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ പ്രക്ഷോഭ് ജയകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ വി.കെ. റെജീന, കെ.എം. സലീന, പഞ്ചായത്ത് സെക്രട്ടറിമാർ, പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.