ചുരം ബദൽപാതകൾ യാഥാർഥ്യമാക്കണം; കോണ്ഗ്രസ് പ്രതിഷേധസദസ് നടത്തി
1588732
Tuesday, September 2, 2025 8:08 AM IST
കൽപ്പറ്റ: വികസനത്തിന്റെ കാര്യത്തിൽ വയനാടിനോട് പിണറായി സർക്കാർ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എംഎൽഎ. വയനാട് ചുരം റോഡിൽ സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ചുരം ബൈപാസ് ഉടൻ ടെൻഡർ ചെയ്യുക, പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്കിടിയിൽ ചുരം കവാടത്തിന് സമീപം നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ചുരത്തിലെ യാത്രാ പ്രശ്നം. ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും നടുവിൽ കഴിയേണ്ട അവസ്ഥയിലാണ് ജില്ലയിലെ ജനങ്ങൾ. സഞ്ചാരസ്വാതന്ത്ര്യമോ മതിയായ ചികിത്സാസൗകര്യമോ ഇവിടയില്ല. എല്ലാത്തരത്തിലും കൂട്ടിലടയ്ക്കപ്പെട്ട സാഹചര്യമാണ്. ഇക്കഴിഞ്ഞ 26ന് ചുരത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ വഴി തന്നെ അടഞ്ഞ അവസ്ഥയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാടിന്റെ വിവിധ വിഷയങ്ങളോടുള്ള ഇടതുസർക്കാരിന്റെ അനങ്ങാപ്പാറനയം തിരുത്തണം. മുന്പത്തേക്കാൾ ഗുരുതരമാണ് ചുരത്തിലെ ഇന്നത്തെ സാഹചര്യം. എന്നാൽ ന്യായങ്ങൾ പറഞ്ഞും നിസാര കാരണങ്ങൾ കണ്ടെത്തിയും റോഡ് വികസനം തടയുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിച്ചത്. മതിയായ ചികിത്സാസൗകര്യമില്ലാത്ത ജില്ലയിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് പോകുന്പോൾ എത്രയോ പേരാണ് മരിച്ചിട്ടുള്ളത്. എന്നാൽ സർക്കാർ നിസംഗതയിൽ തന്നെയാണ്. വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജനങ്ങളും രാഷ്ട്രീയപാർട്ടികളും നടത്തുന്ന സമരം വികസനത്തിന് വേണ്ടിയോ പുതിയ പദ്ധതികൾക്കോ അല്ലെന്നതാണ് യാഥാർഥ്യം. മറിച്ച് വർഷങ്ങളായി അനുഭവിച്ചുവരുന്ന പദ്ധതികളെ ഇല്ലാതാക്കുന്നതിന് എതിരെയാണ്.
വയനാട് മെഡിക്കൽ കോളജ്, എയർ സ്ട്രിപ്പ്, നഞ്ചൻഗോഡ് നിലന്പൂർ റെയിൽപാത, റോഡ് വികസനം ഉൾപ്പെടെ എല്ലാ സാധ്യതകളും അവസരങ്ങളും ഈ സർക്കാർ പിടിപ്പുകേട് കൊണ്ട് ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഒരിക്കൽ നിർമാണോദ്ഘാടനം നടത്തിയ തുരങ്കപാത വീണ്ടും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തുരങ്കപാതയ്ക്ക് എതിരല്ല, എന്നാൽ അത് പ്രാവർത്തികമാകുന്നത് വരെ ഇപ്പോഴത്തെ ഗതാഗതപ്രശ്നം വയനാട്ടുകാർ അനുഭവിക്കണമെന്ന് പറയുന്നത് ശരിയല്ല.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ബദൽപാതകൾ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, ബിനു തോമസ്, എൻ.സി. കൃഷ്ണകുമാർ, നജീബ് കരണി, ഒ.ആർ. രഘു, രാജേഷ്കുമാർ, ഇ.എ. ശങ്കരൻ, പോൾസണ് കൂവക്കൽ, ബി. സുരേഷ് ബാബു, മാണി ഫ്രാൻസിസ്, കമ്മന മോഹനൻ, ചിന്നമ്മ ജോസ്, ചന്ദ്രികാ കൃഷ്ണൻ, വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.