നഗരവനം ഒരു വർഷത്തിനിടെ സന്ദർശിച്ചത് 80,000 പേർ
1588092
Sunday, August 31, 2025 5:49 AM IST
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ വളപ്പിലെ നഗരവനം ഒരു വർഷത്തിനിടെ സന്ദർശിച്ചത് 80,000 ഓളം പേർ. 2024 എപ്രിലിലാണ് നഗരവനം സന്ദർശകർക്കു തുറന്നുകൊടുത്തത്.
അക്വേറിയം, നക്ഷത്ര വനം, ആന്തൂറിയം കോർണർ, ബട്ടർഫ്ളൈ ഗാർഡൻ, ഫേണ്‍സ്, കനോപി വാക്ക്, ഏറുമാടം, ഓക്സിജൻ പാർലർ, വെള്ളച്ചാട്ടം, ഊഞ്ഞാൽ, ഫോട്ടോ പോയിന്റ്, കഫ്റ്റീരീയ, ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് നഗരവനം ഒരുക്കിയത്.
വിവിധയിനം ഔഷധ സസ്യങ്ങൾ, ചെറു ജീവജാലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണം, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഗ്രാഫുകൾ, കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശിൽപ്പങ്ങൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നിവ നഗരവനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഒരു വർഷത്തിനിടെ ടിക്കറ്റ്, പാർക്കിംഗ് ഫീസ്, കഫ്റ്റിരീയ ഇനങ്ങളിൽ 35,21,909 രൂപയാണ് നഗരവനത്തിൽ വരുമാനം. ഉയർന്ന അന്തരീക്ഷ താപനിലയും വായു, ശബ്ദ മലിനീകരണവും കുറയ്ക്കുക, ചെറുജീവജാലങ്ങൾക്കു വാസസ്ഥലം ഒരുക്കുക, ഭുഗർഭ ജലസംഭരണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നഗരവനം സജ്ജമാക്കിയതെന്നു ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത്കുമാർ പറഞ്ഞു.
രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നഗരവനത്തിൽ സന്ദർശകർക്ക് പ്രവേശനം. മുതിർന്നവർക്ക് 40 ഉം കുട്ടികൾക്ക് 20 ഉം വിദേശികൾക്ക് 50 ഉം രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്.