എൽസ്റ്റണ് എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നത്തിന് പരിഹാരമാകുന്നു; 24 കോടി അനുവദിച്ചു
1588412
Monday, September 1, 2025 4:27 AM IST
കൽപ്പറ്റ: പുഞ്ചരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നത്തിന് പരിഹാരമാകുന്നു. തൊഴിലാളികൾക്ക് വേതനക്കുടിശികയും ആനുകുല്യങ്ങളും വിതരണം ചെയ്യുന്നതിന് എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി രൂപ ഹൈക്കോടതി അനുവദിച്ചതായി ലേബർ ഓഫീസിൽ ഉദ്യോഗസ്ഥരെയും തൊഴിലാളി പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എം. സുനിൽകുമാർ അ റിയിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കളക്ടറേറ്റ് പടിക്കൽ നാളെ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കേയായിരുന്നു യോഗം.
എസ്റ്റേറ്റ് ഉടമയുടെ ഹർജിയിൽ ഹൈക്കോടതി ഉത്തരവായതനുസരിച്ച് സർക്കാർ ഹൈക്കോടതിയിൽ കെട്ടിവച്ച തുകയിൽനിന്നാണ് 24 കോടി രൂപ അനുവദിച്ചതെന്നു ഡെപ്യൂട്ടി ലേബർ കമ്മീഷണർ പറഞ്ഞു. തൊഴിലാളികളുടെ വേതനക്കുടിശികയും ആനുകൂല്യങ്ങളും അഞ്ച് ദിവസത്തിനകം വിതരണം ചെയ്യണമെന്നു ഹൈക്കോടതി നിർദേശമുണ്ട്. തുക വിതരണം ചെയ്യുന്നതിൽ എസ്റ്റേറ്റ് ഉടമ കാലതാമസം വരുത്തിയാൽ റവന്യു റിക്കവറി മുഖേന തൊഴിലാളികൾക്ക് തുക നൽകാൻ സാധിക്കും.
ഹൈക്കോടതി നിർദേശിച്ച സമയപരിധിയിൽ തൊഴിലാളികൾക്ക് തുക നൽകാത്ത സാഹചര്യമുണ്ടായാൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്ത് റവന്യു റിക്കവറി നടപടി സ്വീകരിച്ച് തൊഴിൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് അറ്റാച്ച് ചെയ്യാൻ ജില്ലാ കളക്ടർ സ്വീകരിച്ചിട്ടുണ്ട്.
വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് പിഎഫ് ആനുകൂല്യം 20 ദിവസത്തിനകം തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാകുമെന്നും ഡെപ്യൂട്ടി ലേബർ കമ്മീഷണർ പറഞ്ഞു. ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാർ, ചൂരൽമല-മുണ്ടക്കൈ സ്പെഷൽ ഓഫീസർ സി.വി. മൻമോഹൻ, പ്ലാന്റേഷൻ ഇൻസ്പെക്ടർ ആർ. പ്രിയ,
വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ പി. ഗഗാറിൻ(സിഐടിയു) പി.പി. ആലി (ഐഎൻടിയുസി), എൻ.ഒ. ദേവസി(എച്ച്എംഎസ്), എൻ. വേണുഗോപാൽ( കെഡിഎൽപിസി), യു. കരുണൻ(എസ്റ്റേറ്റ് ലേബർ യൂണിയൻ), ബി. സുരേഷ്ബാബു(മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ), കെ.ടി. ബാലകൃഷ്ണൻ(വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ)എന്നിവർ യോഗത്തിൽ പങ്കെടുത്തു.