മുച്ചിറി, മുറിയണ്ണാക്ക്: മേപ്പാടിയിൽ മെഡിക്കൽ ക്യാന്പ് നാളെ
1588093
Sunday, August 31, 2025 5:49 AM IST
കൽപ്പറ്റ: സാമൂഹിക സേവന സംഘടന "തണൽ’, ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ മേപ്പാടി ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ സൗജന്യ മുച്ചിറി, മുറിയണ്ണാക്ക് ചികിത്സ-സർജറി ക്യാന്പ് നടത്തും.
പങ്കെടുക്കുന്നവർക്ക് വൈദ്യസഹായവും തുടർപിന്തുണയും "തണൽ’ മുഖേന ലഭ്യമാക്കുമെന്ന് ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി അഡ്മിനിസ്ട്രേറ്റർ സി.എച്ച്. സുബൈർ, സ്റ്റാർ കെയർ ഹോസ്പിറ്റർ സ്മൈൽ ട്രെയിൻ പ്രോജക്ട് മാനേജർ പി. മോഹനൻ, മേപ്പാടി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഇൻ ചാർജ് എം.പി. കാവ്യ എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു.
മുച്ചിറി, മുറിച്ചുണ്ട് വൈകല്യത്തിൽ 95 ശതമാനവും ശരിയായ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. കുഞ്ഞ് ജനിച്ച് ആദ്യ ആഴ്ച മുതൽ 18 വയസു വരെ ഘട്ടങ്ങളായി ചികിത്സ നൽകണം.
മുച്ചിറി നിവാരണത്തിന് ആദ്യ ശസ്ത്രക്രിയ മൂന്നാം മാസത്തിലാണ് ചെയ്യേണ്ടത്. മുറിയണ്ണാക്കിനു ശസ്ത്രക്രിയ കുട്ടി സംസാരിക്കാൻ തുടങ്ങുന്നതിനു മുന്പ് നടത്തണം. സംസാരവൈകല്യം പരിഹരിക്കുന്നതിന് സ്പീച്ച് തെറാപ്പിയും ചിലപ്പോൾ സ്പീച്ച് സർജറിയും ആവശ്യമാണ്.
താടിയെല്ലിന്റെ വളർച്ചക്കുറവ് പരിഹരിക്കൽ, പല്ലുകളുടെ നിരയൊപ്പിക്കൽ, മോണയിലുണ്ടാകുന്ന പിളർപ്പിന് എസ്എബിജെ ശസ്ത്രക്രിയ, പല്ലിൽ കന്പിയിടൽ, താടിയെല്ലിന്റെ വൈകല്യം മാറ്റൽ തുടങ്ങിയവയ്ക്കുള്ള ചെലവുകളാണ് തണലിന്റെ സഹകരണത്തോടെ സ്മൈൽ ട്രെയിൻ അംഗീകാരമുള്ള സ്റ്റാർ കെയർ സൗജ്യമായി ലഭ്യമാക്കുന്നത്. മുച്ചിറി, മുറിയണ്ണാക്ക് വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സ്മൈൽ ട്രെയിൻ.