കടമാൻതോട് പദ്ധതി: ജില്ലാ കളക്ടർ യോഗം വിളിക്കണമെന്ന് കെ.എൽ. പൗലോസ്
1588407
Monday, September 1, 2025 4:27 AM IST
കൽപ്പറ്റ: പുൽപ്പള്ളി കടമാൻതോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം വിളിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും വ്യക്തമായ വിവരം ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. താമരശേരി ചുരം റോഡിന്റെ സംരക്ഷണത്തിനും ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് നിർമാണത്തിനും സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
പട്ടികവർഗത്തിലെ ഭൂരഹിത കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് കണ്ടെത്തുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് യോഗത്തിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ എസ്റ്റേറ്റ് പാടികളിലും പരിശോധന നടത്തിയതായി തൊഴിൽ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ 14,500 അതിഥി തൊഴിലാളികൾ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാണാസുര അണയുടെ പരിസരത്തുകൂടിയുള്ള കുതിരപ്പാണ്ടി റോഡിന് പകരം അനുവദിച്ച പാത സഞ്ചാരയോഗ്യമാക്കുന്നതിന് സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കാൻ യോഗം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കൈനാട്ടി മുതൽ മുത്തങ്ങ വരെ ദശീയ പാതയോരത്ത് കാടുവെട്ടൽ പൂർത്തിയായതായി നാഷണൽ ഹൈവേ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ നിർമിച്ച 11 ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ബന്ധപ്പെട്ടവർ യോഗത്തിൽ വ്യക്തമാക്കി.
പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ആക്ഷൻ പ്ലാൻ തയാറാക്കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കോട്ടത്തറ, മേപ്പാടി, നെൻമേനി, നൂൽപ്പുഴ, പൂതാടി, പുൽപ്പള്ളി, തൊണ്ടർനാട്, വൈത്തിരി പഞ്ചായത്തുകളിൽ ഉന്നതികൾ കേന്ദ്രീകരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണം സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഉൾപ്രദേശങ്ങളിലേക്കുള്ള ലാസ്റ്റ് ട്രിപ്പ് മുടക്കുന്ന എട്ട് സ്വകാര്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ചതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൽപ്പറ്റ ബൈപാസ് ജംഗ്ഷനിലെ കുഴികൾ അടയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എൻഎച്ച്എവൈ അസിസ്റ്റന്റ് എൻജിനിയർക്ക് യോഗം നിർദേശം നൽകി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, എഡിഎം കെ. ദേവകി, സബ് കളക്ടർ അതുൽ സാഗർ, പ്ലാനിംഗ് ഓഫീസർ ഇൻചാർജ് കെ.എസ്. ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.