ഓണക്കാലത്ത് പുഞ്ചിരി പൊഴിച്ച് ചെറുകാട്ടൂർ കൃഷിക്കൂട്ടം
1588063
Sunday, August 31, 2025 5:08 AM IST
പനമരം: ഓണക്കാലം മുന്നിൽക്കണ്ട് നടത്തിയ പൂക്കൃഷി വിജയമായതിന്റെ ആഹ്ളാദത്തിൽ ചെറുകാട്ടൂർ കൃഷിക്കൂട്ടം. വനിതകൾ അംഗങ്ങളായ കൃഷിക്കൂട്ടം ചെറുകാട്ടൂർ എസ്റ്റേറ്റുമുക്കിൽ മൂന്ന് ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയാണ് വിജയമായത്. ശക്തമായ മഴ വെല്ലുവിളിയായെങ്കിലും നട്ട് രണ്ടുമാസംകൊണ്ട് പൂക്കൾ വിളവെടുപ്പിന് പാകമായി.
ബീന സണ്ണി മൂലക്കര, റെജീന ജോസഫ് മാങ്ങാപറന്പിൽ, രാജി ജോണ്സൻ പാറപ്പുറം, അന്നക്കുട്ടി മൂലക്കര, ചിന്നമ്മ മാങ്ങാപറന്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കൂട്ടം പ്രവർത്തനം.
കൃഷിയിടത്തിൽ മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ വിളഞ്ഞ പൂക്കൾ വിളവെടുത്ത് തൃശൂർ, കോഴിക്കോട് ജില്ലകളിലേക്ക് കയറ്റുന്ന തിരക്കിലാണ് കൃഷിക്കൂട്ടം അംഗങ്ങൾ. ബ്ലോക്കിൽ സെപ്റ്റംബർ രണ്ടിന് തുടങ്ങുന്ന ഓണച്ചന്തയിലും കൃഷിക്കൂട്ടത്തിന്റെ പൂക്കൾ വില്പനയ്ക്കെത്തും.
ചെണ്ടുമല്ലി കിലോഗ്രാമിന് 200 രൂപ വരെ വില ലഭിക്കുമെന്നാണ് കൃഷിക്കൂട്ടം അംഗങ്ങളുടെ പ്രതീക്ഷ. വരുംവർഷങ്ങളിൽ വൻതോതിൽ കൃഷി ഇറക്കാനാണ് തീരുമാനം.