കാടോരം വിശ്രമ കേന്ദ്രം വീണ്ടും തുറക്കാൻ വനം വകുപ്പിൽ സമ്മർദ്ദമേറുന്നു
1588413
Monday, September 1, 2025 4:27 AM IST
സുൽത്താൻ ബത്തേരി: സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന കാടോരം വിശ്രമ കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ വനം വകുപ്പിൽ സമ്മർദ്ദമേറുന്നു. കഴിഞ്ഞ വർഷമാണ് വനപാതയോരത്തെ വിശ്രമകേന്ദ്രമായ കാടോരം സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് അടച്ചുപൂട്ടിയത്. എന്നാൽ മാസങ്ങൾക്ക് മുന്പ് തുറന്ന് പ്രവർത്തിക്കാൻ നീക്കം നടന്നെങ്കിലും തുറക്കാനായില്ല.
സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ശൗചാലയം ഉപയോഗിക്കുന്നതിനും മറ്റുമായാണ് മുത്തങ്ങക്കടുത്ത കല്ലൂർ അറുപത്തിയേഴിൽ വനം വകുപ്പ് പദ്ധതി ആരംഭിച്ചത്. ആളൊന്നിന് 10 രൂപയാണ് വിശ്രമകേന്ദ്രത്തിലെ നിരക്ക്. കുടുംബമായും കൂട്ടമായും എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു കാടോരം.
മാസങ്ങളായി പൂട്ടിക്കിടന്നതിനാൽ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ കെട്ടിയുണ്ടാക്കിയ കുടിലുകൾ ഉൾപ്പടെയുള്ളവ നാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗുണ്ടൽപേട്ടിലെ മഥൂർ കഴിഞ്ഞാൽ കേരളത്തിലേക്ക് വരുന്പോൾ വിശ്രമിക്കുന്നതിനോ ശൗചാലയ സൗകര്യമോ വഴിയരികിൽ സൗകര്യമില്ല. ആകെയുണ്ടായിരുന്നത് കാടോരം വിശ്രമ കേന്ദ്രം മാത്രമായിരുന്നു. ഇത് അടച്ച് പൂട്ടിയതോടെ സഞ്ചാരികൾ ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് വിശ്രമ കേന്ദ്രത്തിന്റെ ആവശ്യകത വീണ്ടും ഉയർന്നത്.
മുത്തങ്ങയിൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശിൽപ്പശാലയിലും ആവശ്യ ഉയർന്നിരുന്നു. ഈ ആവശ്യം വനപാലകർ അംഗീകരിച്ചതോടെയാണ് കാടോരം കേന്ദ്രം തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം നടക്കുന്നത്.