താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്
1587881
Saturday, August 30, 2025 5:55 AM IST
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് അടിയന്തര പ്രാധാന്യത്തോടെ നിർമിക്കണം: വ്യാപാരി
വ്യവസായി യൂത്ത് വിംഗ്
കൽപ്പറ്റ: വയനാടിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താമരശേരി ചുരം. ഇടയ്ക്കിടക്ക് മണ്ണിടിച്ചിൽ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ഈ പാത പൂർണമായും സ്തംഭിക്കുകയാണ് അതുകാരണം. വയനാട്ടിലെ നിരവധി വ്യാപാര മേഖലകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സാരമായി ബാധിക്കുന്നതാണ്.
ഇതിന് പരിഹാരം എന്ന നിലയ്ക്ക് ഒരു ബദൽ പാത ഉടൻ യാഥാർഥ്യമാക്കുന്ന രീതിയിലേക്ക് സർക്കാർ ഇടപെടലുകൾ നടത്തണമെന്ന് കന്പളക്കാട് വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂണിറ്റിന്റെ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണം നൽകുന്ന സ്വീകരണ യോഗവും നടത്തി.
ബദൽ പാതകൾ വേഗത്തിൽ യാഥാർഥ്യമാക്കണം: ഇ.ജെ. ബാബു
കൽപ്പറ്റ: കോഴിക്കോടിനെ വയനാടുമായി ബന്ധപ്പിക്കുന്ന ചുരം ബദൽ പാതകൾ വേഗത്തിൽ യാഥാർഥ്യമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ വയനാട് ഭാഗികമായി ഒറ്റപ്പെടുന്നതിന് കാരണമായി. അനാവശ്യ പരിസ്ഥിതി വാദം ഉന്നയിച്ച് ജില്ലയുടെ വികസന സാധ്യതകൾ കൊട്ടിയടയ്ക്കരുത്.
നാടിന്റെ പുരോഗതിക്ക് ചുരം ബദൽ പാതകൾ ഉണ്ടാകണം. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണവുമായി സർക്കരാർ മുന്നോട്ടുപോകുന്നതിനെ ജനം പ്രതീക്ഷയോടെയാണ് കാണുന്നത്.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതയുടെ ഇൻവെസ്റ്റിഗേഷൻ സർക്കാർ തുക അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാത്തത് നിരാശാജനകമാണ്. തളിപ്പുഴ-ചിപ്പിലിത്തോട്, കൊട്ടിയൂർ 44 ബദൽ പാത സാധ്യത ഗൗരവമായി പരിഗണിക്കണം. ജില്ലയുടെ വികസനത്തിന് വിലങ്ങുതടിയാകുന്ന കേന്ദ്ര വന നിയമങ്ങളിൽ മാറ്റം വേണമെന്നും ബാബു ആവശ്യപ്പെട്ടു.
ചുരത്തിലെ യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം: പി.സി. തോമസ്
കൽപ്പറ്റ: വയനാട്ടിലേക്കും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കുമുള്ള പ്രധാന യാത്രാ മാർഗമായ താമരശേരി ചുരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന യാത്രക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലവും മറ്റു സമയങ്ങളിൽ വാഹനക്കുരുക്ക് മൂലവും ഉണ്ടാകുന്ന യാത്രാ തടസത്തിന് പരിഹാരമായി ഭാവിയിൽ ഉണ്ടാകുമെന്നു പറയുന്ന തുരങ്കപ്പാതയുടെ നിർമാണ പൂർത്തീകരണത്തിനായി കാത്തിരിക്കുന്നതിൽ അർഥമില്ല. അതിന് എത്ര നാൾ വേണ്ടി വരുമെന്നുമറിയില്ല.
അടിവാരത്തു നിന്നും പടിഞ്ഞാറത്തറ വഴിയുള്ള ബദൽപാത പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുകയും ചുരത്തിൽ സ്ഥിരമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. ടൂറിസ്റ്റുകൾ അധികരിക്കുന്ന ആഴ്ചാവസാന ദിവസങ്ങളിൽ, തമിഴ്നാട്ടിലെ ഊട്ടി മോഡൽ പോലെ വാഹന നിയന്ത്രണം നടപ്പാക്കുകയും ചെയ്യാവുന്നതാണ്.
കേരളമുൾപ്പടെ മൂന്നു സംസ്ഥാനങ്ങളെ ബാധിക്കുന്ന ദേശീയപാത 766 ലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇപ്പോഴുണ്ടായ ദുരന്തം ചൂണ്ടിക്കാണിച്ച് പ്രധാന മന്ത്രിക്കും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും നിവേദനങ്ങൾ അയച്ചുകൊണ്ട് തോമസ് ആവശ്യപ്പെട്ടു.
ചുരം ബൈപാസ് യാഥാർഥ്യമാക്കണം: പി.പി. ഷൈജൽ
കൽപ്പറ്റ: താമരശേരി ചുരത്തിൽ ഗതാഗതതടസം അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിൽ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു. ചിപ്പിലിത്തോടിൽനിന്നു മരുതിലാവ് വഴി തളിപ്പുഴയിലേക്ക് 14 കിലോമീറ്റർ മാത്രമാണ് ദൂരം.
റോഡിൽ കുറച്ചുദൂരം വനത്തിലൂടെയാണ് നിർമിക്കേണ്ടത്. ഇതിനു പ്രത്യേക അനുമതി വാങ്ങണം. മഴക്കാലത്ത് ചെറുതും വലുതുമായ മണ്ണിടിച്ചിൽ ചുരത്തിൽ പതിവാണ്. ഈ സാഹചര്യത്തിൽ ബൈപാസിനു ഏറെ പ്രാധാന്യമുണ്ടെന്നും ഷൈജൽ പറഞ്ഞു.