ദ്വാരകയിൽ ബസ് ബേ ഒരുങ്ങുന്നു
1588411
Monday, September 1, 2025 4:27 AM IST
മാനന്തവാടി: എടവക പഞ്ചായത്തിലെ ദ്വാരകയിൽ ബസ് ബേ ഒരുങ്ങുന്നു. കോഴിക്കോട് റോഡിൽ മാനന്തവാടി രൂപത ലഭ്യമാക്കിയ 20 സെന്റിലാണ് ബസ് ബേ സജ്ജമാകുന്നത്. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന സ്ഥലമാണ് രൂപത പദ്ധതിക്കു വിട്ടുകൊടുത്തത്. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നു 50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്.
ഗതാഗത ഉപദേശക സമിതിയുടെ അനുമതി ലഭിച്ചാലുടൻ ബസ് ബേ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങൾ, ശുചിമുറി, കോഫി ഷോപ്പ് എന്നിവ ബസ് ബേയിൽ സജ്ജീകരിക്കും. വിദ്യാർഥികളുടെ ഉപയോഗത്തിന് ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ ബസ് ബേയിലേക്ക് നടപ്പാത നിർമിക്കും.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണ് ദ്വാരക. പ്രതിദിനം അയ്യായിരത്തോളം വിദ്യാർഥികളാണ് ദ്വാരകയിൽ വന്നുപോകുന്നത്. ബസ് ബേ നിർമാണത്തിന് പ്രാരംഭ പ്രവർത്തനങ്ങൾ പഞ്ചായത്ത് 2015ൽ ആരംഭിച്ചതാണ്. എന്നാൽ പ്രളയവും കോവിഡും പദ്ധതിയുടെ താളം തെറ്റിച്ചു.
ദ്വാരകയിലെ ബസ് കാത്തിരിപ്പുകേന്ദ്രം മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. ഇത് വിദ്യാർഥികൾ അടക്കം യാത്രക്കാർക്ക് ദുരിതമായ സാഹചര്യത്തിലാണ് ബസ് ബേ യാഥാർഥ്യമാക്കുന്നതിനു നീക്കം വേഗത്തിലാക്കിയത്.