ഗവ.മെഡിക്കൽ കോളജ്: സ്ഥിര നിർമാണം മടക്കിമലയിൽ നടത്തുന്നതിന് ആക്ഷൻ കമ്മിറ്റി സമ്മർദം ശക്തമാക്കുന്നു
1588408
Monday, September 1, 2025 4:27 AM IST
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജിനുള്ള സ്ഥിര നിർമാണം മടക്കിമലയിൽ നടത്തുന്നതിന് ആക്ഷൻ കമ്മിറ്റി സമ്മർദം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 17ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്താൻ കഴിഞ്ഞ ദിവസം എംജിടി ഹാളിൽ വിവിധ സംഘടനാപ്രതിനിധികളെ പങ്കെടുപ്പിച്ച് കമ്മിറ്റി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.
മെഡിക്കൽ കോളജ് മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്ത് സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷം പാരിസ്ഥിതിക പ്രശ്നങ്ങൾ പറഞ്ഞ് പേരിയ വില്ലേജിൽ ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽനിന്നു ഏറ്റെടുത്ത ഭൂമിയിലേക്ക് കോളജ് മാറ്റാൻ തീരുമാനിച്ചിതിനു പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടന്ന് യോഗം ആരോപിച്ചു. പേരിയയിലെ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് യോജിച്ചതല്ലെന്നു അഭിപ്രായപ്പെട്ടു.
വയനാട് ചേബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ.വി.പി. എൽദോ മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഗോകുൽദാസ്, വിജയൻ മടക്കിമല, സുജാത കോട്ടവയൽ, വർഗീസ് വട്ടേക്കാട്, സാം പി. മാത്യു, ജോണ് തയ്യിൽ, ജോസഫ് വള്ളിനാൽ, സി.എച്ച്. സജിത്കുമാർ, വസന്ത പനമരം, ചന്ദ്രൻ വൈക്കത്ത് എന്നിവർ പ്രസംഗിച്ചു.