ചുരം ബദൽ റോഡ്: നടപടികൾ ത്വരിതപ്പെടുത്തണമെന്ന്
1588095
Sunday, August 31, 2025 5:49 AM IST
കൽപ്പറ്റ: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലും തുടർന്നുണ്ടായ യാത്രാക്ലേശവും ബദൽ സംവിധാനത്തിന്റെ അനിവാര്യതയാണ് വെളിവാക്കുന്നതെന്നു എസ്ഡിപിഐ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചുരം ബദൽ റോഡ് പദ്ധതി പ്രഥമ പരിഗണന നൽകി പൂർത്തിയാക്കണമെന്നു ആവശ്യപ്പെട്ടു. ചുരത്തിലെ യാത്രാതടസം തുടർക്കഥയാണ്. ദേശീയപാതയിലെ രാത്രിയാത്രാനിരോധനവും ചുരത്തിലെ തടസങ്ങളും തുടർന്ന് കുറ്റ്യാടി ചുരത്തിൽ അനുഭവപ്പെടുന്ന വാഹനത്തിരക്കും ജില്ല ഒറ്റപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽനിന്നു റഫർ ചെയ്യുന്ന രോഗികൾ വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികൾ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണുള്ളത്. ചുരത്തിലെ യാത്രാതടസംമൂലം വിദേശയാത്ര മുടങ്ങിയവർ ജില്ലയിലുണ്ട്.
ചരക്കുവാഹനങ്ങൾ മണിക്കൂറുകൾ ചുരത്തിലും സമീപത്തും കുടുങ്ങുന്നതു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജില്ലാ രൂപീകരണം മുതൽ തുടരുന്ന യാത്രാക്ലേശത്തിന് ഭരണ-പ്രതിപക്ഷ കക്ഷികൾ തുല്യ ഉത്തരവാദികളാണ്.
പ്രതിപക്ഷത്തിരിക്കുന്പോൾ പ്രതിഷേധവും ഭരണത്തിലിരിക്കുന്പോൾ മൗനവുമെന്ന കാപട്യം രാഷ്ട്രീയ പാർട്ടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. യൂസുഫ് അധ്യക്ഷത വഹിച്ചു. എൻ. ഹംസ, കെ.ജെ. തോമസ്, സൽമ അഷ്റഫ്, ബബിത ശ്രീനു എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദിഖ് സ്വാഗതവും ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.