തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിലെ തട്ടിപ്പ്: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് യുഡിഎഫ്
1588410
Monday, September 1, 2025 4:27 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അന്വേഷണം അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് എൻആർഇജി പ്രോഗ്രാം ഓഫീസറുടെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴയുന്നതിനു പിന്നിൽ സിപിഎം ഇടപെടലാണ്. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തുവന്നതിൽ ഏറ്റവും വലിയ തട്ടിപ്പാണ് തൊണ്ടർനാട് പഞ്ചായത്തിൽ നടന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഉത്തരവായ വകുപ്പുതല അന്വേഷണം പൂർത്തിയായില്ല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും മന്ദഗതിയിലാണ്. കേസിൽ അറസ്റ്റിലായ അക്കൗണ്ടന്റ് നിധിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ പോലീസ് തയാറാകുന്നില്ല. കേസിൽ ഉൾപ്പെട്ട അക്രഡിറ്റഡ് എൻജിനിയർ ജോജോ ജോണിക്ക് വിദേശത്തേക്ക് കടക്കാൻ ചിലർ സൗകര്യം ഒരുക്കി.
തൊഴിലുറപ്പ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് പരിശോധിച്ച് ഫീൽഡുതല അന്വേഷണം നടത്തുന്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വർഷങ്ങൾ പഴക്കമുള്ള കിണറുകൾക്കുപോലും ബില്ലുണ്ടാക്കി പണം തട്ടിയതായി സൂചനയുണ്ട്. അഴിമതിയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്പിൽ നിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 12, 13 തീയതികളിൽ പഞ്ചായത്തിൽ കുറ്റവിചാരണ ജാഥയും പിന്നീട് ശക്തമായ സമരവും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ചെയർമാൻ എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ടി. മൊയ്തു, പി.എം. ടോമി, പടയൻ അബ്ദുള്ള, കെ.ടി. കുഞ്ഞിക്കൃഷ്ണൻ, എം.ടി. ജോസഫ്, ആറങ്ങാടൻ ആലിക്കുട്ടി, പി.എ. മൊയ്തൂട്ടി, എം.കെ. അബൂബക്കർ, ടി.കെ. മമ്മൂട്ടി, കെ.വി. ബാബു, വി.സി. ഹമീദ് എന്നിവർ പ്രസംഗിച്ചു. കണ്വീനർ അബ്ദുള്ള കേളോത്ത് സ്വാഗതവും സലിം അസ്ഹരി നന്ദിയും പറഞ്ഞു.