ബത്തേരി പാൽവിതരണ സഹകരണ സംഘം ക്ഷീര കർഷകർക്ക് അധികവില നൽകും
1588091
Sunday, August 31, 2025 5:49 AM IST
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘം ക്ഷീര കർഷകർക്ക് അധിക വിലയായി 90 ലക്ഷം രൂപ നൽകുമെന്ന് സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പാൽ അളന്ന എല്ലാ ക്ഷീരകർഷകർക്കും ലിറ്റർ ഒന്നിന് രണ്ട് രൂപ പ്രകാരമാണ് അധികവില നൽകുക. രണ്ടിന് രാവിലെ 10ന് അധികവില ക്ഷീര കർഷകർക്ക് നൽകും.
2024-2025 വർഷത്തിൽ 4.9 കോടി രൂപ ക്ഷീര കർഷകർക്ക് അധികവില, സബ്സിഡികൾ മുതലായ ഇനത്തിൽ സംഘം നൽകുകയും ചെയ്തു. ഇവയ്ക്ക് പുറമേ കാലിത്തീറ്റ സബ്സിഡി, ചികിൽസ ആനുകൂല്യങ്ങൾ, ഇൻഷ്വറൻസ് പരിരക്ഷ, തൊഴുത്ത് നിർമാണം, പച്ചപ്പുല്ലിന്റെ ലഭ്യത, മൃഗപരിപാലനം തുടങ്ങിയവക്കുള്ള ആനുകൂല്യങ്ങളും നൽകി.
പാൽവില ലിറ്ററിന് ഏഴ് രൂപകൂടി വർധിപ്പിക്കുക, ത്രിതല പഞ്ചായത്തും ക്ഷീര മേഖലയും നൽകുന്ന സബ്സിഡികൾ ക്ഷീര കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുക, പുറമെ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ പരിശോധന കർശനമാക്കുക, രാത്രികാലങ്ങളിലും വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘം ഭാരവാഹികൾ ഉന്നയിച്ചു.
വാർത്താസമ്മേളനത്തിൽ സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, വൈസ് പ്രസിഡന്റ് സിന്ധുഹരിദാസ്, സെക്രട്ടറി പി.പി. വിജയൻ, സയറക്ടർമാരായ കെ.സി. ഗോപിദാസ്, എബി ജോസ്, എം. ഭാസ്ക്കരൻ, കെ.എ. മത്തായി, അനീഷ് ബാബു, കെ.ബി. സോൾന, സി.വി. സുജാത എന്നിവർ പങ്കെടുത്തു.