തുരങ്കപാത: ഒരുവശത്ത് ആവേശം, മറുവശത്ത് പ്രതിഷേധം
1588062
Sunday, August 31, 2025 5:08 AM IST
കൽപ്പറ്റ: കള്ളാടി-ആനക്കാംപൊയിൽ നാലുവരി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്നു വൈകുന്നേരം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കേ ജനങ്ങൾക്കിടയിൽ ആവേശവും പ്രതിഷേധവും.
വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ കാരണങ്ങളാൽ മണിക്കൂറുകൾ നീളുന്ന ഗതാഗത തടസം ആവർത്തിക്കുന്ന സാഹചര്യത്തിൽ തുരങ്കപാത പദ്ധതിയെ കരഘോഷത്തോടെ സ്വീകരിക്കുകയാണ് ജില്ലയിലെ ജനങ്ങളിൽ ഒരു വിഭാഗം. എന്നാൽ ഭാവിയിൽ വലിയ വിനാശത്തിന് കാരണമായേക്കാവുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരടക്കം മറ്റൊരു വിഭാഗം.
തുരങ്കപാത പദ്ധതിക്ക് തടയിടാൻ വയനാട് പ്രകൃതി സംരക്ഷണ സമിതി നിയമവഴിയിലൂടെയും നീങ്ങുകയാണ്. തുരങ്കപാത നിർമാണത്തിന് സ്റ്റേറ്റ് എൻവയണ്മെന്റ് ഇംപാക്ട് അസസ്മെന്റ് ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കുന്നതിന് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സെപ്റ്റംബർ ഒന്പതിന് വാദം കേൾക്കും. തുരങ്കപാതയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സന്ദർഭത്തിലാണ് ഇന്ന് തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം.
തുരങ്കപാത പദ്ധതിക്കെതിരേ പശ്ചിമഘട്ട സംരക്ഷണ സമിതി, സിപിഐ(എംഎൽ)റെഡ് സ്റ്റാർ, എംഎൽപിഐ റെഡ് ഫ്ളാഗ്, സിപിഐ(എംഎൽ), എഇപിഎസ്, തുരങ്കപാത വിരുദ്ധ സമിതി എന്നിവയും രംഗത്തുണ്ട്. തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം വരെ പശ്ചിമഘട്ട സംരക്ഷണ സമിതി ധർണ തീരുമാനിച്ചിട്ടുണ്ട്.
വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിധരിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും നേടിയതാണ് തുരങ്കപാതയുടെ പരിസ്ഥിതി അനുമതിയെന്ന നിലപാടിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. തെറ്റായ വിവരങ്ങൾ നൽകിയാണ് കേന്ദ്ര ന്ത്രാലയത്തിൽനിന്നും തുരങ്കപാത പദ്ധതിയുടെ സ്റ്റേജ് വണ് ക്ലിയറൻസ് നേടിയതെന്ന് സമിതി ഭാരവാഹികൾ പറയുന്നു.
പ്രകൃതിദുരന്തങ്ങൾ സംഭവിച്ചതും സാധ്യത നിലനിൽക്കുന്നതുമായ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത നിർമിക്കേണ്ടത്. തുരങ്കപാത പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്ന ഭൂപ്രദേശത്ത് 1960 മുതൽ നിരവധി തവണ ഉരുൾപൊട്ടിയിട്ടുണ്ട്. 1984ലും 2019ലും 2020ലും മുണ്ടക്കൈയിൽ ഉരുൾപൊട്ടി. ഉരുൾ പൊട്ടൽ ഉണ്ടായ കവളപ്പാറയും പാതാറും തുരങ്കപാത പദ്ധതി പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ്.
നിർദിഷ്ട പാതയിൽനിന്ന് ഏകദേശം 0.85 കിലോമീറ്റർ അകലെയാണ് 2019 ഓഗസ്റ്റ് എട്ടിന് ഉരുൾപൊട്ടിയ പുത്തുമല. 2024 ജൂലൈ 30ന് ഉരുൾ പൊട്ടിയ പുഞ്ചിരിമട്ടം തുരങ്കപാത പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. പദ്ധതി പ്രദേശത്തിന്റെ ദുർബലതയിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ വസ്തുതകൾ. തുരങ്ക പാത കടന്നുപോകേണ്ട പർവതപ്രദേശങ്ങൾ വംശനാശ ഭീഷണി നേരിടുന്നതടക്കം ജൈവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.