മീനങ്ങാടി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ എട്ടു നോന്പ് ആചരണം
1587883
Saturday, August 30, 2025 5:55 AM IST
കൽപ്പറ്റ: മീനങ്ങാടി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ട് നോന്പ് ആചരണവും സുവിശേഷധാരയും സംഗീതവിരുന്നും ഒന്നു മുതൽ എട്ടുവരെ നടത്തും.
വികാരി ഫാ. എൽദോസ് കാട്ടുകുടി, ട്രസ്റ്റി ജോർജ് പൊയ്കയിൽ, സെക്രട്ടറി സണ്ണി കാലാപ്പിള്ളിയിൽ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ ജിനീഷ് എലവത്തിൽ, റെജി വാധ്യാപ്പിള്ളിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. നാളെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷമാണ് കൊടിയേറ്റ്.
വിവിധ ദിവസങ്ങളിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്, കോർ എപ്പിസ്കോപ്പമാർ, വൈദികർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഒന്നു മുതൽ ആറു വരെ രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബനയും 10ന് പാച്ചോർ നേർച്ചയും 10.30ന് ഗാനശുശ്രൂഷയും 11ന് വചന ശുശ്രൂഷയും ഉണ്ടാകും.
ഏഴിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിൻമേൽ കുർബാന. തുടർന്ന് പാച്ചോർ നേർച്ച, പ്രദക്ഷിണം, ഗാനശുശ്രൂഷ, വചനശുശ്രൂഷ. എട്ടിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. 10ന് വിശുദ്ധ ദൈവമാതാവിന്റെ സൂനോറാ പേടകത്തിൽനിന്നു പുറത്തെടുക്കൽ.
11ന് പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാരിറ്റി വിതരണം അദ്ദേഹം നിർവഹിക്കും. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നവരെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും ഇടവകയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് ജേതാക്കളെയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയനും ആദരിക്കും.
ഇന്നു രാവിലെ എട്ടിന് ദേവാലയത്തിൽ രോഗികളുടെയും പ്രായമായവരുടെയും സ്നേഹസംഗമവും 9.30ന് ജില്ലാതല ചെസ് ടൂർണമെന്റും നടത്തും. ഒന്ന്, നാല്, അഞ്ച് തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ കൗണ്‍സലിംഗ് സൗകര്യം ഉണ്ടാകും. ആറിന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ ഉണർവ് എന്ന പേരിൽ വിദ്യാർഥി സംഗമവും ലഹരിവിരുദ്ധ ബോധവത്കരണവും നടത്തും.