ചുരം ബൈപാസ് റീ ടെൻഡർ ചെയ്യണം: ടി. സിദ്ദിഖ് എംഎൽഎ
1587878
Saturday, August 30, 2025 5:55 AM IST
വൈത്തിരി: ചുരംറോഡുകളുടെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസ്, ബദൽ റോഡുകൾ യാഥാർഥ്യമാക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസാണ്. ഇത് ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി റീ ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാമത്തേത് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ്. ഈ റോഡ് ഇനിയും പൂർത്തിയാകാത്തത് ഒരു ജനതയോടും പ്രദേശത്തോടും കാണിക്കുന്ന അവഗണനയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. 1994 സെപ്റ്റംബർ 24ന് കെ. കരുണാകൻ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്ക് ആവശ്യമായ 52 ഏക്കർ വനഭൂമി വിട്ടുകിട്ടുന്നതിനായി 104 ഏക്കർ ഭൂമി വനംവകുപ്പിന് നൽകിയതാണ്. വനംവകുപ്പിന് വിട്ടുകൊടുത്ത സ്ഥലം വനമായി മാറി.
എന്നാൽ റോഡിനായി വിട്ടുകിട്ടേണ്ട സ്ഥലം ലഭിച്ചില്ല. വനംമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഭൂമി വിട്ടുനൽകിയിട്ടില്ലെന്ന് വനംവകുപ്പ് കള്ളം പറയുന്നതാണ് കണ്ടത്. 23 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ 70 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചതാണ്.
വനത്തിനിടയിലൂടെയുള്ള ചെറിയ ഭാഗം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. നിയമസഭയിൽ ഏറ്റവും കൂടുതൽതവണ ആവശ്യപ്പെട്ട വിഷയം പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ്. ഇതിന്റെ ഇൻവെസ്റ്റിഗേഷനായി ഒന്നരക്കോടി രൂപ മാറ്റിവച്ചു. വയനാട് ഭാഗത്തെ ഇതിനകം പൂർത്തിയായി. എന്നാൽ കോഴിക്കോട് ഭാഗത്തേത് പൂർത്തിയായിട്ടില്ല.
സെപ്റ്റംബർ 18 ആണ് അനുവദിച്ചിരിക്കുന്ന അവസാന തീയതി. പദ്ധതികൾക്ക് മുഴുവൻ തുരങ്കംവയ്ക്കുന്ന പണിയെടുക്കുന്നത് വനംവകുപ്പാണ്. 1994ൽ ഈ റോഡ് അട്ടിമറിക്കാനുള്ള അതേ റിപ്പോർട്ട് 2024ലും 2025ലും തയാറാക്കുകയാണ് വനംവകുപ്പ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. വയനാടിന്റെ ഗതാഗതപ്രശ്നത്തോട് നീതി പുലർത്താൻ വനംവകുപ്പും സർക്കാരുകളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.