കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
1576013
Tuesday, July 15, 2025 10:13 PM IST
പയ്യന്നൂർ: കുളിക്കുന്നതിനിടയിൽ തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് പയ്യന്നൂരിലെ കുളത്തിൽ മുങ്ങി മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി പള്ളത്തിലെ ആഷിക്ക് (27) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറേകാലോടെ കണ്ടോത്ത് ആയുർവേദ ആശുപത്രിക്ക് സമീപത്തെ ദേശീയപാതക്കരികിലെ കുളത്തിലാണ് സംഭവം. പെരുമ്പയിലെ സുഹൃത്തുക്കൾക്കൊപ്പം അഞ്ചേമുക്കാലോടെ കുളിക്കാനെത്തിയതായിരുന്നു ഇയാൾ.
കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ആഷിക്ക് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയുമെത്തി. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചു. ഏറെ സമയത്തെ തെരച്ചിലിനൊടുവിലാണ് വെള്ളം നിറഞ്ഞുകിടന്നിരുന്ന കുളത്തിനടിയിൽനിന്ന് ഫയർഫോഴ്സിന് ഇയാളെ മുങ്ങിയെടുക്കാനായത്.
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആഷിക് മരിച്ചിരുന്നു. ബീരിച്ചേരി ഗേറ്റിന് സമീപത്തെ പ്രവാസി നീതി ഇലക്ട്രിക്കൽസിൽ ജോലി ചെയ്തുവരികയായിരുന്നു ആഷിക്. പരേതനായ എം.എ. ജാഫറിന്റേയും ബദറുന്നീസയുടേയും മകനാണ്. സഹോദരങ്ങൾ: അജാസ്, അനീസ.