സിപിഎം നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
1576076
Wednesday, July 16, 2025 12:19 AM IST
ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിലെ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റിയംഗം പാലപ്പുഴ സ്വദേശി എ. രഞ്ജിത്ത് (32), മുഴക്കുന്ന് സ്വദേശി അക്ഷയ് (25) എന്നിവരെയാണ് തിങ്കളാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരാളെ വീട്ടിൽനിന്നും മറ്റൊരാളെ രാത്രി വൈകി റോഡിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അക്ഷയ് നിരവധി കേസുകളിലെ പ്രതിയാണ്.
കൂത്തുപറമ്പിലെ കുഴൽപ്പണ കേസ്, നാടൻ തോക്ക് കൈവശം വച്ചതുൾപ്പെടെ കേസുകൾ പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. 15 പ്രതികളാണ് സംഭവത്തിലുള്ളത്. കേസിലെ ഒന്നാം പ്രതിയും ശുഹൈബ് വധക്കേസിലെ രണ്ടാം പ്രതിയുമായ ദീപ് ചന്ദ് ഉൾപ്പെടെയുള്ള 13 പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുന്നതായി ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു. അക്രമികൾ ഉപയോഗിച്ച മൂന്നു വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.