കായികാധ്യാപകരില്ലാതെ സ്കൂളുകളിലെ കായികക്ഷമത; 10,000 ഒഴിവുകൾ
1576074
Wednesday, July 16, 2025 12:19 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: വിദ്യാർഥികളുടെ ആരോഗ്യവും കായികക്ഷമതവും വർധിപ്പിക്കുമെന്ന പതിവ് പല്ലവി ഭരണാധികാരികൾ ആവർത്തിക്കുന്പോഴും കേരളത്തിൽ കായിക അധ്യാപകരെ സ്ഥിരമായി നിയമിക്കുന്നതിനു നടപടിയില്ല. ഉള്ള അധ്യാപക തസ്തികയാകട്ടെ കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ നിർത്തലാക്കുകയും ചെയ്യുന്നു.
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിൽ 12,644 സ്കൂളുകളിൽ കായിക അധ്യാപകരെ നിയമിക്കണം. നിലവിലുള്ളതാകട്ടെ 1862 അധ്യാപകരും. ഇനിയും പത്തായിരത്തിലേറെ അധ്യാപക രുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
കണ്ണൂർ ജില്ലയിൽ 1100 സ്കൂളുകളിൽ ആകെയുള്ളത് 152 കായിക അധ്യാപകരാണ്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ കായികവിദ്യാഭ്യാസ പുസ്തകവും പരീക്ഷയും ഉണ്ടെങ്കിലും അധ്യാപകൻ വേണമെന്ന കാര്യം സർക്കാരും മറന്നമട്ടിലാണ്. അധ്യാപകരില്ലാതെ എങ്ങനെ പഠിപ്പി ക്കും എന്ന കാര്യം സർക്കാരിനും വശമില്ല. താത്കാലികമായി നിയമിക്കുന്നവർക്കാകട്ടെ മാന്യമായ പ്രതിഫലവും നല്കുന്നില്ല.
500 വിദ്യാർഥികൾക്ക് ഒരു കായിക അധ്യാപകൻ എന്ന 1956ലെ നിയമമാണ് ഇപ്പോഴും തുടരുന്നത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ ഇത്രയും കുട്ടികൾ ഉണ്ടെങ്കിലാണ് യുപി സ്കൂളുകളിൽ ഒരു കായിക അധ്യാപകനെ അനുവദിക്കുക. ഹൈസ്കൂളുകളിലാകട്ടെ എട്ട്, ഒന്പത് ക്ലാസുകളിൽ 500 കുട്ടികൾ ഉണ്ടെങ്കിൽ അധ്യാപകനെ നിയമിക്കും.
തസ്തിക നിർണയത്തിലെ അപാകമാണ് കായിക അധ്യാപക നിമയനത്തിലെ പ്രധാന പ്രശ്നം. കുട്ടികൾ കുറഞ്ഞാൽ പ്രസ്തുത സ്കൂളിലെ കായിക അധ്യാപകനെ കൂടുതൽ കുട്ടികളുള്ള സ്കൂളി ലേക്ക് നേരത്തെ മാറ്റിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ തസ്തിക സംരക്ഷണ ഉത്തരവ് പിൻവലിച്ചതോടെ പലർക്കും ജോലി പോകുന്ന അവസ്ഥയായി. ഇതിനകം 10 വർഷത്തിലധികം സർവീസുള്ള 70 പേർക്കാണ് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടത്.
യുപി സ്കൂളുകളിൽനിന്ന് വർക്ക് പോസ്റ്റ് എന്ന നിലയിൽ ഹൈസ്കൂളുകളിൽ കായിക അധ്യാപരെ നിയമിക്കുന്നുണ്ടെങ്കിലും യുപി സ്കൂൾ വിഭാഗത്തിൽ നല്കുന്ന ശന്പളം തന്നെയാണ് ഹൈസ്കൂളുകളിൽ ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് ലഭിക്കുന്നതെന്ന് സംയുക്ത കായിക അധ്യാപക സംഘടന നേതാവ് പി.പി. ഉദയകുമാർ ദീപികയോട് പറഞ്ഞു.
കുട്ടികളുടെ കുറവിനെത്തുടർന്ന് അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മറ്റെല്ലാ തസ്തികകളിലും ഭേദഗതി വരുത്തിയെങ്കിലും കായിക അധ്യാപക നിയമനത്തിൽ മാറ്റം വരുത്തിയില്ല. ഹയർ സെക്ക ൻഡറിയിലും വിഎച്ച്എസ്ഇയിലുമാകട്ടെ കായിക അധ്യാപക തസ്തികയുമില്ല.
അധ്യാപകർക്കുള്ള കുടിശിക 70.05 ലക്ഷം
10 ജില്ലകളിൽ റവന്യു ജില്ലാതല മത്സരം സംഘടിപ്പിച്ചതിൽ കടക്കെണിയിലായതും പാവം കായികാധ്യാപകരാണ്. ഡിഡിഇയ്ക്കും കായിക അധ്യാപകനായ റവന്യു ജില്ലാ സെക്രട്ടറി മാർക്കുമാണ് ഓരോ ജില്ലയിലേയും സ്കൂൾ റവന്യു ജില്ലാ കായിക മത്സരത്തിന്റെ സാന്പത്തികമടക്ക മുള്ള കാര്യങ്ങളുടെ ചുമതല.
റവന്യു ജില്ലാതലത്തിൽ സ്കൂൾ കായിക മത്സരം നടത്തുന്നതിനായി ഇവർ ചെലവഴിച്ച കഴിഞ്ഞ മൂന്നുവർഷത്തേതടക്കം 70.05 ലക്ഷം രൂപ ഇപ്പോഴും കുടിശികയാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് മൂന്നുവർഷത്തെ തുക കുടിശികയായിട്ടുള്ളത്. തിരുവനന്തപുരം ജില്ലയ്ക്ക് 20.85 ലക്ഷവും കണ്ണൂരിന് 11.56 ലക്ഷവും കുടിശികയുണ്ട്. മലപ്പുറത്തിന് 10.74 ലക്ഷം രൂപയും പാലക്കാടിന് 8.90 ലക്ഷവും തൃശൂരിന് 5.15 ലക്ഷവും കുടിശികയാണ്.
കൂടാതെ കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ റവന്യൂ ജില്ലാ സെക്രട്ടറിമാർക്കും തുക ലഭിക്കാനുണ്ട്. പലരും വ്യക്തികളിൽനിന്നും ബാങ്കിൽനിന്നും വായ്പയും മറ്റും എടുത്താണ് മാനം കാത്തത് എന്നതും ഇപ്പോഴും സർക്കാർ അറിയാതെ പോകുന്നു.