അനധികൃത പാർക്കിംഗ്; ആലക്കോട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
1576084
Wednesday, July 16, 2025 12:19 AM IST
ആലക്കോട്: ആലക്കോട് ടൗണിൽ വാഹനങ്ങൾ തോന്നിയത് പോലെ നിർത്തിയിടാൻ തുടങ്ങിയതോടെ ഗതാഗത സ്തംഭനം പതിവാകുന്നു. മലയോര ഹൈവേയും തളിപ്പറമ്പ് കുർഗ് ടിസിബി റോഡും കൂടിച്ചേരുന്ന പ്രധാന ടൗൺ ആയതിനാൽ ഏത് നേരവും ഇവിടെ വാഹനത്തിരക്കാണ്. ഇരുഭാഗങ്ങളിലെ നടപ്പാത കൈയേറിയും കുറുകേയും വഴിയടച്ച് ചിലർ വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനട യാത്രക്കാരെയും വലയ്ക്കുന്നുണ്ട്. ഇതുമൂലം വയോധികരും സ്ത്രീകളും കുട്ടികളും അടക്കമുള്ള കാൽനടയാത്രക്കാർ അപകടാവസ്ഥ നേരിടുന്നുണ്ട്. സമീപകാലത്ത് നിരവധി അപകടങ്ങൾ ഇതുമായി ബന്ധപ്പെട്ട് ടൗണിൽ സംഭവിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസ്, ബാങ്കുകൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കാനായി പ്രായമായവർ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ചിലർ വാഹനങ്ങളിലെത്തി റോഡരികിൽ നിർത്തിയിട്ടശേഷം ബസിൽ ദൂരയാത്രയ്ക്കു പോകുകയും വൈകുന്നേരമെത്തി വാഹനങ്ങളുമായി മടങ്ങുകയും ചെയ്യുന്നു.
മൂന്നു സ്കൂളുകളും കോളജും പള്ളിയും മസ്ജിദും ഉൾപ്പെടെയുള്ള സ്ഥലത്ത് കാൽനടക്കാർ ഏറെയുണ്ട്. നോ പാർക്കിംഗ് ബോർഡിന്റെ കീഴിൽവരെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് സ്വകാര്യവാഹനങ്ങളിൽ വരുന്നവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനും കടകളിൽ കയറി സാധനങ്ങൾ വാങ്ങാനും കഴിയാതെ മറ്റു സ്ഥലത്തേക്ക് പോവുകയാണെന്ന് വ്യാപാരികൾ പറയുന്നു. അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.