ഇരിട്ടിയിലെ ബാഗ് കടയിൽ കുരങ്ങന്റെ ‘മിന്നൽ റെയ്ഡ് ’
1576075
Wednesday, July 16, 2025 12:19 AM IST
ഇരിട്ടി: ഇരിട്ടി പഴയ സ്റ്റാൻഡിലെ ബാഗ് കടയിൽ കുരങ്ങൻ കയറി ബാഗുകൾ വലിച്ചു നിലത്തിട്ടു. ബാഗ് വേൾഡ് എന്ന കടയിലാണു കുരങ്ങൻ എത്തിയത്. കഴിഞ്ഞ ദിവസം പകൽ സമയത്താണ് കുരങ്ങ് കടയ്ക്കുള്ളിൽ കയറിയത്.
ബാഗുകൾ വലിച്ചു താഴെയിട്ടശേഷം കുരങ്ങൻ പുറത്തേക്ക് ഓടി സമീപത്തെ കെട്ടിടത്തിനു മുകളിൽ കയറി. കുരങ്ങൻ നാശനഷ്ടമൊന്നും വരുത്തിയില്ലെന്നാണു കടയുടമ പറയുന്നത്.
സമീപത്തെ പഴം-പച്ചക്കറി കടയിൽ ഭക്ഷണത്തിനായി വന്ന കുരങ്ങൻ ബാഗ് കടയ്ക്കുള്ളിൽ അബദ്ധത്തിൽ കയറിയതാണ്. കടയ്ക്കുള്ളിൽ കയറി ബാഗ് വലിച്ചിടുന്ന കുരങ്ങന്റെ വീഡിയോ കടയുടമ മൊബൈൽ ഫോണിൽ പകർത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുരങ്ങുകൾ കൂട്ടമായി ടൗൺ പരിസരങ്ങളിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് കടയ്ക്കുള്ളിൽ കയറുന്നത്.