ഭാര്യയെയും മകളെയും ഡാമിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും
1576078
Wednesday, July 16, 2025 12:19 AM IST
തലശേരി: പുഴയിൽ വെള്ളം കയറിയത് കാണിച്ചു തരാമെന്ന് പറഞ്ഞ് ഭാര്യയേയും ഒന്നര വയസുകാരിയായ ഏകമകളേയും കൂട്ടിക്കൊണ്ടു പോയി ഡാമിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (ഫാസ്റ്റ് ട്രാക്ക്-ഒന്ന്) ഇന്ന് വിചാരണ ആരംഭിക്കും.
പാട്യം പത്തായകുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു എന്ന ഷിജുവാണ് (46) കേസിലെ പ്രതി. ഷിജുവിന്റെ ഭാര്യ ചോയ്യാടത്തെ എം.പി. സോന സുരേഷിനേയും (35), മകൾ അൻവിതയേയും ബൈക്കിൽ കയറ്റി മൊകേരി പാത്തിപ്പാലത്തെ വാട്ടർ അഥോറിറ്റിയുടെ ചെക്ക്ഡാമിനടുത്തായി കൊണ്ടുപോയ ശേഷം കൊല്ലുകയെന്ന ലക്ഷ്യത്തോടെ ഡാമിലേക്ക് തള്ളിയിട്ടുവെന്നാണ് കേസ്.
ഒഴുക്കിൽപ്പെട്ട സോനയെ രക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി ചെരിപ്പുകൊണ്ട് അടിച്ച് വീണ്ടും വെള്ളത്തിലേക്കിട്ടു. ഒഴുക്കിൽപ്പെട്ട സോന കുറച്ചകലെയുള്ള കൈതച്ചെടിയിൽ പിടിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷിക്കുകയുമായിരുന്നു. സംഭവദിവസം രാത്രി ഏഴരയോടെ കുറച്ചകലെനിന്നും അൻവിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിറ്റേ ദിവസം മട്ടന്നൂരിൽനിന്നു പോലീസ് പിടികൂടുകയായിരുന്നു. 2021 ഒക്ടോബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം . 122 സാക്ഷികളാണ് ഈ കേസിലുള്ളത്. കതിരൂർ പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് പാനൂർ പോലീസിന് കൈമാറി. കതിരൂർ സിഐയായിരുന്ന കെ.വി. മഹേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.