പേരാവൂരിൽ 278 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയമായി
1576086
Wednesday, July 16, 2025 12:19 AM IST
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 278 കുടുംബങ്ങളുടെ ഭൂമിക്ക് കൂടി പട്ടയമായി. ഇരിട്ടിയിൽ നടന്ന മണ്ഡലം തല പട്ടയമേള മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 50 വർഷമായി നിലനിന്ന പല പട്ടയ പ്രശ്നങ്ങൾക്കും പട്ടയ മിഷന്റെ ഭാഗമായി പരിഹാരം കാണാൻ സാധിച്ചതായി മന്ത്രി പറഞ്ഞു.
പരമാവധി ആൾക്കാരെ ഭൂമിയുടെ യഥാർഥ ഉടമകളാക്കി മാറ്റുകയാണ് ദൗത്യമെന്നും ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഇരിട്ടി നഗരസഭയിൽ - 65, പേരാവൂരിൽ - 61, അയ്യൻകുന്നിൽ -12, ആറളത്ത് - 98, മുഴക്കുന്നിൽ - 20, പായത്ത് - 5, കേളകം -2 , കൊട്ടിയൂരിൽ - 1, ദേവസ്വം ഭൂമി പട്ടയം - 10, ലക്ഷം വീട് - 2, ടിഇ - 2 പട്ടയവുമാണ് ചടങ്ങിൽ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേലായുധൻ, കെ. സുധാകരൻ, നഗരസഭ അധ്യക്ഷ കെ. ശ്രീലത, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, നഗരസഭാ കൗൺസിലർ വി.പി. റഷീദ്, ഡെപ്യൂട്ടി കളക്ടർ മാരായ കെ.വി. ശ്രുതി, ഷെർലി, തഹസിൽദാർ സി.വി. പ്രകാശൻ, എൽആർ തഹസിൽദാർ വിജയൻ ചെല്ലട്ടൻ, എൽടി തഹസിൽദാർ എം.സി. സീനത്ത്, പി.പി. അശോകൻ, എം.വി. രവീന്ദ്രൻ, എം.എം. മജീദ്, കെ. മുഹമ്മദലി, വി.എം. പ്രശോഭ് എന്നിവർ പ്രസംഗിച്ചു.