തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കയ്യാങ്കളി
1576081
Wednesday, July 16, 2025 12:19 AM IST
തളിപ്പറമ്പ്: മാലിന്യപ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയില്‍ കലാശിച്ചു. ഇന്നലെ രാവിലെ നടന്ന യോഗത്തിലാണ് സംഭവം. ബാബുഫ്രഷ് റസ്റ്റോറന്റില്‍ നിന്ന് കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലൂടെ ജനവാസ കേന്ദ്രത്തില്‍ ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിവച്ച പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി. ഗിരീശന് ഭരണപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു.
നഗരത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മലിനജലം പൈപ്പിലൂടെ പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണെന്നും കക്കൂസ് മാലിന്യങ്ങള്‍വരെ ഇത്തരത്തില്‍ ഓടയിലേക്ക് വിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി. വിജയന്, കെ.എം. ലത്തീഫ്, ഡി. വനജ, പി. വല്‍സല എന്നിവര്‍ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്ത്തതി വിട്ടത്. ഈ സമയത്ത് ഭരണപക്ഷത്തുനിന്ന് എഴുന്നേറ്റ യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ പി.സി. നസീര്‍ മാലിന്യമുക്ത കേരളത്തിലല്ലേ മാലിന്യമുക്ത തളിപ്പറമ്പ് എന്ന് ചോദിച്ചതോടെയാണ് പ്രതിപക്ഷം പ്രകോപിതരായത്. തളിപ്പറമ്പിലെ മാലിന്യ പ്രശ്നത്തേക്കുറിച്ച് പറയുമ്പോള്‍ സംസ്ഥാനത്തെ മാലിന്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം ചാടിയെഴുന്നേറ്റത്. ഇതോടെ ഇരുവിഭാഗവും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പോരിനൊരുങ്ങി.
ഇതിനിടയില്‍ സുപ്രധാനമായ പ്രശ്നങ്ങള്‍ ചര്ച്ചക്കെടുക്കുമ്പോള് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഒത്തുകളിച്ച് ഏറ്റുമുട്ടല്‍ നാടകം നടത്തുകയാണെന്ന് ബിജെപി കൗണ്‍സിലര്‍ പി.വി. സുരേഷ് ഇരുപക്ഷത്തെയും വിമര്‍ശിച്ചു. ഇത് കേട്ടതോടെ കെ.എം. ലത്തീഫ് ഓടിയെത്തി സുരേഷിനെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നു.
പ്രകോപിതനായ സുരേഷിനെ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിച്ച് കൗണ്‍സില്‍ ഹാളിന് പുറത്തെത്തിച്ചതോടെയാണ് രംഗം ശാന്തമായത്. ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, കെ.നബീസ ബീവി, ഒ.സുഭാഗ്യം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
നഗരസഭാ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് ഇന്ന്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
രാവിലെ പത്തരക്ക് നടക്കുന്ന മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യും.