ഹോപ്പ് ഗ്രാമ പത്താംഘട്ടം ഉദ്ഘാടനം ചെയ്തു
1576087
Wednesday, July 16, 2025 12:19 AM IST
ഇരിട്ടി: ഇരിട്ടി ഐജിഎഫ്ജി കൂട്ടായ്മയും സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന കിടപ്പുരോഗികൾക്കുള്ള ഹോപ്പ് ഗ്രാമ പത്താംഘട്ട കിറ്റ് വിതരണോദ്ഘാടനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലക്കുഴിക്ക് ലോഗോ നൽകി നിർവഹിച്ചു.
നിർധനരായ കിടപ്പുരോഗികൾക്ക് ഒരുമാസത്തേക്ക് ആവശ്യമായ ഡയപ്പെർ, കോട്ടൺ, ഗ്ലൗസ്, പാഡ്, യൂറിൻ ബാഗ് തുടങ്ങി അത്യാവശ്യ സാധനകൾ അടങ്ങിയ കിറ്റുകളാണ് പ്രവർത്തകർ നേരിട്ട് എത്തിക്കുന്നത്. സുമനസുകളായ ആളുകൾ നൽകുന്ന സംഭാവനകളിലൂടെയാണ് ഹോപ്പ് ഗ്രാമ പത്താംഘട്ടം പിന്നിടുന്നത്.
ഓരോ മാസവും അന്‍പതിലധികം കുടുംബങ്ങളിൽ ഹോപ്പ് ഗ്രാമ കിറ്റുകൾ എത്തുന്നുണ്ട്. സോബിൻസ് ഗ്രീൻസ് ചാരിറ്റബിൾ ട്രസ്റ്റിയായ ജ്യോതി ജോൺ, ഐജിഎഫ്ജി ഗ്രാമദീപം കൂട്ടായ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സോഫിയ ഫ്രെഡറിക്ക്, വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷിന്റോ മൂക്കനോലി, കെ.വി. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.