മാന്പൊയിലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1576082
Wednesday, July 16, 2025 12:19 AM IST
ആലക്കോട്: ഉദയഗിരി പഞ്ചായത്തിൽ മാന്പൊയിൽ പ്രദേശത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മാന്പൊയിലിലെ തുരുത്തേൽ ഏബ്രഹാം, കവളംമാക്കൽ അലക്സാണ്ടർ, തൊമ്മിത്താഴത്ത് ജോസുകുട്ടി, തുരുത്തേൽ ദേവസ്യ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള കൃഷികളാണ് മൂന്ന് ദിവസങ്ങളിലായി നശിപ്പിച്ചത്. ഇവിടെ അര കിലോമീറ്ററോളം ഭാഗത്ത് സോളർവേലി നിർമിച്ചിട്ടില്ല. വേലി ഉള്ളയിടങ്ങളിൽ ഇടയ്ക്കിടയ്ക്കിടെ പ്രവർത്തന രഹിതമാകുന്നു. ഇതു മൂലമാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങുന്നത്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് കർഷകർ അവയെ തുരത്തുന്നത്. വന്യമൃഗ ശല്യം തടയാൻ നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കഴിഞ്ഞ ആഴ്ചയും അപ്പർ ചീക്കാട് കൃഷി നശിപ്പിച്ചിരുന്നു. കർണാടക വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നത് പതിവാകുകയാണ്.