വിജയോത്സവം ഉദ്ഘാടനം ചെയ്തു
1576089
Wednesday, July 16, 2025 12:19 AM IST
കണ്ണൂർ: തലശേരി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന 'തലശേരിയിലെ താരങ്ങൾ' പരിപാടി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ അനുമോദിച്ചു. കാഴ്ച്ച പരിമിതയും എട്ടാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ പഠന വിഷയമായ മലയാളിയുടെ ഹെലൻ കെല്ലർ എന്നറിയപ്പെടുന്ന തലശേരി സ്വദേശിയുമായ സിഷ്ന ആനന്ദ് വരച്ച മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം വേദിയിൽ കൈമാറി.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൾ നാസർ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ഡോ. ടോം ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
തലശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി, സഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.