വായ്പ നല്കിയ പണം തിരികെ ചോദിച്ചപ്പോൾ അമ്മയ്ക്കും മകൾക്കും മർദനം; യുവാവിനെതിരേ കേസ്
1576079
Wednesday, July 16, 2025 12:19 AM IST
കണ്ണൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെയും മകളെയും മർദിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ ടൗൺ പോലീസ് കേസെടുത്തു. മേലെ ചൊവ്വ സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് ചൊവ്വ സ്വദേശി സൂരജ് നിവാസിൽ കെ.വി. സനകിനെതിരെ പോലീസ് കേസെടുത്തത്.
2022 നവംബർ 13 നാണ് പരാതിക്കാസ്പദമായ സംഭവങ്ങൾക്ക് തുടക്കം. പരാതിക്കാരിക്ക് പ്രതി വിവാഹവാഗ്ദാനം നൽകിയിരുന്നു. ആറുമാസത്തിനുള്ളിൽ പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നും പ്രതിയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമെ വിവാഹം നടത്താൻ സാധിക്കുകയുള്ളൂവെന്നും പറഞ്ഞ് 45 ലക്ഷം രൂപ കൈപ്പറ്റി. വിവാഹം കഴിഞ്ഞാൽ പ്രതിയുടെ സ്വത്ത് വിറ്റ് പണം തിരികെ തരാമെന്നും വിശ്വസിപ്പിച്ചു.
എന്നാൽ പരാതിക്കാരിയുടെ വീടിന്റെ ജപ്തി നടപടികൾ ഒഴിവാക്കുന്നതിന് പ്രതി കൈപ്പറ്റിയ പണം തിരികെ ചോദിച്ചപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി തടഞ്ഞുവച്ച് മർദിക്കുകയും തടയാൻ ചെന്ന അമ്മയെയും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.