സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ഇന്ന്
1278579
Saturday, March 18, 2023 1:10 AM IST
കാസര്‍ഗോഡ്: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി. കാസര്‍ഗോഡ് അണങ്കൂരില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് വനിതാശിശു വികസന മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് റൂം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ആദ്യമായിട്ടാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിനു വേണ്ടി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. 61.23 ലക്ഷം ചെലവഴിച്ചാണ് ഇരു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ ഒരു കുടക്കീഴില് ഉറപ്പുവരുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ചുദിവസം വരെ ഇവിടെ താമസിക്കാം. കളക്ടര്‍ അധ്യക്ഷനായ സമിതി ആണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2019ലാണ് സെന്റര്‍ സ്കീം പ്രവര്‍ത്തനം തുടങ്ങിയത്.