പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ മുറിക്കുമ്പോള്‍ പകരം നടേണ്ടത് അത്യാവശ്യമെന്ന് ജില്ലാ ട്രീ കമ്മിറ്റി
1282811
Friday, March 31, 2023 12:39 AM IST
കാസര്‍ഗോഡ്: വികസന ആവശ്യങ്ങള്‍ക്കുവേണ്ടിയും അപകടഭീഷണി ഒഴിവാക്കുന്നതിനുമായി പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ മുറിക്കുമ്പോള്‍ പകരം പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ട്രീ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാതാ നവീകരണവുമായി ബന്ധപ്പെട്ട് വളരെയധികം മരങ്ങള്‍ മുറിക്കേണ്ടിവന്നത് സമീപപ്രദേശങ്ങളില്‍ കടുത്ത പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സമീപപ്രദേശങ്ങളിലെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനും കുടിവെള്ള ക്ഷാമമുണ്ടാകുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട്. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസവ്യവസ്ഥയ്ക്കും കോട്ടം സംഭവിച്ചു.
ഇനിമുതല്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടുമ്പോള്‍ പകരം മരങ്ങള്‍ നട്ട സ്ഥലത്തിന്റെ സ്കെച്ചും ഫോട്ടോകളും കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ അനുമതി നല്‍കേണ്ടതുള്ളൂവെന്നും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ വൃക്ഷത്തൈകള്‍ സാമൂഹ്യ വനവത്കരണ വിഭാഗവും പഞ്ചായത്തുകളും നല്‍കും. പരിസ്ഥിതിക്ക് ദോഷകരമാകാത്ത മരങ്ങള്‍ തന്നെ നടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കമ്മിറ്റി കണ്‍വീനറും സാമൂഹ്യ വനവത്കരണ വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുമായ പി. ധനേഷ് കുമാര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളായ പ്രഫ. എം. ഗോപാലന്, സുരേഷ് പെരിയങ്ങാനം, ടൗണ്‍ പ്ലാനര്‍ ലില്ലിക്കുട്ടി തോമസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി. സത്യന്, യശോദ, എം. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.