കാഞ്ഞങ്ങാട്: വാണിജ്യകേന്ദ്രമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് അത്യാധുനിക സൗകര്യങ്ങളോടെ അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും നഗരവികസന കര്‍മസമിതിയും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള എ ഗ്രേഡ് സ്റ്റേഷനായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ച് പണിത പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുക, ടിക്കറ്റ് കൗണ്ടറിലും റിസര്‍വേഷന്‍ കൗണ്ടറിലും ആവശ്യമായ ജീവനക്കാരെ നിയമിച്ച് മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക, കോവിഡ് കാലത്ത് നിര്‍ത്തിയ മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, രണ്ട് വന്ദേഭാരത് എക്സ്പ്രസുകള്‍ക്കും കാഞ്ഞങ്ങാട്ട്
സ്റ്റോപ്പ് അനുവദിക്കുക, മരുസാഗര്‍ എക്സ്പ്രസ്, ഗരീബ് രഥ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കുക, സ്റ്റേഷന്റെ വടക്ക് ഭാഗത്ത് രണ്ടാമതൊരു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് കൂടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പാസഞ്ചേഴ്സ് അസോസിയേഷന് രക്ഷാധികാരി നഗരസഭാധ്യക്ഷ കെ.വി. സുജാത, അസോസിയേഷന് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, ജനറല്‍ സെക്രട്ടറി മുകുന്ദ് പ്രഭു, ഭാരവാഹികളായ ടി.കെ. നാരായണന്, ഫസല്‍ റഹ്മാന്, ബാബു കോട്ടപ്പാറ, വികസനസമിതി ചെയര്മാന് അഡ്വ.പി. അപ്പുക്കുട്ടന്, കണ്‍വീനര്‍ സി. യൂസഫ്ഹാജി, കെ.വി. ലക്ഷ്മണന്, രാജേന്ദ്രകുമാര്‍, സി.എ. പീറ്റര്‍, എം. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
പാസഞ്ചേഴ്സ് അമിനിറ്റി ബോര്‍ഡ് ചെയര്മാന് പി.കെ. കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സെക്രട്ടറി കെ. വേലായുധന്, നഗരസഭാ കൗണ്‍സിലര്‍ കെ. ബല്‍രാജ്, എച്ച്. ഗോകുല്‍ദാസ് കമ്മത്ത് എന്നിവരും സംബന്ധിച്ചു.