ക്ഷീര കര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും: മന്ത്രി ചിഞ്ചുറാണി
1461279
Tuesday, October 15, 2024 6:47 AM IST
കാസര്‍ഗോഡ്: ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ 2023- 2024 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ അണങ്കൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 2 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റല്‍ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊരിവെയിലിലും കാലവര്‍ഷ കെടുതിയിലും കന്നുകാലികളും അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി സര്‍ക്കാര്‍ ധന സഹായം നല്കി വരികയാണ്. ഈ മേഖലയില്‍ വരുന്ന നവീനമായ ആശയങ്ങള്‍ കര്‍ഷകരിലെത്തിച്ച് അവരെ ചേര്‍ത്ത് പിടിച്ച് കാലഘട്ടത്തിനൊപ്പം നടത്തുകയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണ്.
പാല് പൊലിമ പരിപാടിയുടെ പ്രസക്തി മനസിലാക്കി കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകണം. നൂതനാശയങ്ങള്‍ മൃഗസംരക്ഷണ വകുപ്പും സര്‍ക്കാരും ചേര്‍ന്ന് കര്‍ഷകരിലേക്ക് എത്തിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.അത്യാധുനിക രീതിയിലുള്ള ഡിജിറ്റല്‍ റേഡിയോളജി സിസ്റ്റമാണ് കാസര്‍ഗോഡ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഓമനമൃഗങ്ങള്‍, പക്ഷികള്‍ മുതലായവ മുതല്‍ ആന വരെയുള്ളവയുടെ എക്സ്റേ പരിശോധന നടത്താന്‍ ഈ ഉപകരണം കൊണ്ട് സാധിക്കും. പോര്‍ട്ടബിള്‍ മെഷീന് ആയതിനാല്‍ ശരീരവലുപ്പം കൂടിയ കന്നുകാലികളുടെയും ആനയുടെയും പരിശോധനയ്ക്കായി ഉപകരണം അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമായസ്ഥലത്ത് എത്തിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മേന്മയാണ്.
ഡിജിറ്റല്‍ ഇമേജിങ്ങ് സംവിധാനമായതിനാല്‍ പരമ്പരാഗതമായ രീതിയിലുള്ള ഫിലിം ഇല്ലാതെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും മൃഗങ്ങളുടെ ഉടമകളുടെയും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലേക്ക് എക്സ്റേ ഇമേജ് നിമിഷ നേരം കൊണ്ട് കൈ മാറാനും സാധിക്കും. ദ്രുതഗതിയിലും ഫലപ്രദമായും രോഗനിര്‍ണയം നടത്താനും ശരിയായ ചികിത്സ കൃത്യസമയത്ത് നല്‍കാനും ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കന്നുകാലികളുടെ പാലുത്പാദന ക്ഷമത ഗണ്യമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് കെഎല്‍ഡി ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാല്‍പൊലിമ എന്ന പരിപാടിക്കും ചടങ്ങില്‍ തുടക്കമായി. നിലവിലുള്ള കറവപശുക്കളിലും കിടാരികളിലും ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ള പ്രീമിയം കാളകളുടെ ബീജം കുത്തിവെച്ച് ഉത്പാദന ശേഷി കൂടിയ കറവപ്പശുക്കളെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ. മനോജ്കുമാര്‍, നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി അധ്യക്ഷായ ഗീത കൃഷ്ണന്, എസ്.എന്‍. സരിത, എം. മനു, നരഗസഭാ കൗണ്‍സിലര്‍ പി. രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ് സ്വാഗതവും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി.വി. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
കര്‍ഷക സെമിനാറില്‍ ഡോ. മുഹമ്മദ് ആസിഫ് വിഷയം അവതരിപ്പിച്ചു. സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ഇ. ചന്ദ്രബാബു മോഡറേറ്ററായി. കെഎല്‍ഡി ബോര്‍ഡ് അസി. മാനേജര്‍ ഡോ. പി. ഷാനിഫ് ക്ലാസ് നയിച്ചു.