പൊരിവെയിലത്ത് ഒരു റെഡ് അലർട്ട്
1581923
Thursday, August 7, 2025 2:01 AM IST
കാസർഗോഡ്: കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ജില്ലാ കളക്ടറെയും മഴ പിന്നെയും പറ്റിച്ചു. ജില്ലയിൽ ഇന്നലെ അതിതീവ്ര മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചത് വെറുതെയായി.
മഴ പെയ്തു കുതിർന്ന മണ്ണിനെപ്പോലും ഉണക്കിക്കളയാൻ പാകത്തിലുള്ള പൊരിവെയിലായിരുന്നു ഇന്നലെ ജില്ലയിൽ മിക്കയിടങ്ങളിലും. ചിലേടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തെങ്കിലും റെഡ് അലർട്ടിന്റെ നിലവാരത്തിലുള്ള അതിതീവ്ര മഴ ഒരിടത്തും പെയ്തില്ല. സ്കൂൾ അവധിയായതിനാൽ കുട്ടികൾക്ക് വെയിലത്തു കളിക്കാനും ചൂണ്ടയിട്ട് മീൻപിടിക്കാനുമൊക്കെ ഒരു ദിവസം കിട്ടിയത് മിച്ചം.
ചൊവ്വാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ നാമമാത്രമായ മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊരു സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും യഥാർഥ സ്ഥിതി കണ്ടറിയുന്ന കളക്ടർ അവധി പ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്ന് രക്ഷിതാക്കൾ തന്നെ പറയുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴപ്രവചനങ്ങൾ തെറ്റിപ്പോകുന്നത് പുതിയ കാര്യമല്ല. ഈ മഴക്കാലത്തുതന്നെ ചെറിയ മഴയെ സൂചിപ്പിക്കുന്ന യെല്ലോ അലർട്ട് മാത്രം പ്രഖ്യാപിച്ച ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്ത് ഉച്ചയോടെ അത് ഓറഞ്ച് അലർട്ടും റെഡ് അലർട്ടുമാക്കി മാറ്റേണ്ടിവരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത്തരം ദിവസങ്ങളിൽ അവധിയില്ലാതെ കുട്ടികൾ നനഞ്ഞുകുതിർന്ന് സ്കൂളിലിരിക്കേണ്ട അവസ്ഥയും ഉണ്ടായി.
കൊച്ചിയിലും ഗോവയിലും സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ നിരീക്ഷണ റഡാർ സംവിധാനങ്ങളിൽ നിന്നും ജില്ലയിലെ ഒന്നോ രണ്ടോ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ കേരളത്തിലെ മഴപ്രവചനങ്ങൾ നടത്തുന്നത്.
താപനില, അന്തരീക്ഷത്തിലെ ആർദ്രത, കാറ്റിന്റെ വേഗം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കാൻ ജില്ലയുടെ മലയോരമേഖലയിലുൾപ്പെടെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല.
കൊച്ചിയിലേയും ഗോവയിലേയും റഡാറുകൾ ഇവിടെ നിന്നും ഏറെ അകലെയായതും ജില്ലാതലത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വളരെ കുറവായതും മൂലമാണ് പലപ്പോഴും പ്രവചനങ്ങൾ തെറ്റിപ്പോകുന്നത്.
ഈ പ്രശ്നം പരിഹരിക്കാൻ മംഗളൂരുവിൽ പുതിയൊരു റഡാർ കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
ഇതോടൊപ്പം ജില്ലയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി അവയിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിക്കാൻ തുടങ്ങിയാൽ മഴപ്രവചനങ്ങൾക്ക് കുറച്ചുകൂടി കൃത്യത കൈവരുമെന്നാണ് പ്രതീക്ഷ.