നീലേശ്വരം റെയില്‍വേ സ്റ്റേഷന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു
1582166
Friday, August 8, 2025 2:14 AM IST
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വടക്കുഭാഗത്ത് അടിപ്പാത വേണമെന്നാവശ്യം ശക്തമാകുന്നു. ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ് ഫോമിലേക്ക് പോകുന്നതിന് സ്റ്റേഷന്റെ വടക്കുഭാഗത്താണ് അടിപ്പാത നിര്‍മിക്കേണ്ടത്. നിലവില്‍ റെയില്‍ വേ ട്രാക്ക് മുറിച്ചു കടന്നാണ് യാത്രക്കാര്‍ ഇരു ഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇതു വലിയ അപകടത്തിന് കാരണമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
റെയില്‍ മുറിച്ചു കടക്കുന്നത് അപകടഭീഷണിയേറിയ ഒരു നടപടി മാത്രമല്ല, റെയില്‍വേ നിയമം തന്നെ ലംഘിക്കുന്ന പ്രവൃത്തിയുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തരമായി അടിപ്പാത നിര്‍മിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
യാത്രക്കാര്‍ മിക്കവാറും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍ എത്തുന്നതറിയാതെ തന്നെ അവര്‍ ട്രാക്കില്‍ പ്രവേശിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കിടയാക്കുന്നു.
ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് പലരും അറിയുന്നത്.
കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാനായി പാളം മുറിച്ചുകടക്കവേ കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂര്‍-ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചു മൂന്നു സ്ത്രീകള്‍ മരിച്ചിരുന്നു.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നീലേശ്വരം സ്റ്റേഷനില്‍ അടിയന്തരമായി അടിപ്പാത നിര്‍മാണം നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഓഫീസ് വിടുന്ന വൈകുന്നേരം സമയങ്ങളില്‍ നൂറുകണക്കിന് യാത്രക്കാരാണ് നീലേശ്വരത്ത് ഇറങ്ങുന്നതും ഇവിടെ നിന്നും കയറുന്നതും.
വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനായി യാത്രക്കാര്‍ പാളം മുറിച്ചു കടക്കുകയാണ് പതിവ്. കാഞ്ഞങ്ങാട് ഉണ്ടായ ദുരന്തം നീലേശ്വരത്ത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അധികൃതര്‍ വേഗത്തില്‍ കണ്ണ് തുറക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ഡസനോളം ട്രെയിനുകള്‍ നീലേശ്വരത്ത് നിര്‍ത്താതെ കടന്ന് പോകുന്നുണ്ട്.