കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് സെപ്റ്റംബര്‍ ആറിനകം തുറന്നുകൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1581386
Tuesday, August 5, 2025 1:52 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആറിനകം തുറന്നുകൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് ഏഴിന് ആരംഭിച്ച ജോലികള്‍ സെപ്റ്റംബര്‍ ആറിനകം പൂര്‍ത്തിയാക്കാമെന്ന് നഗരസഭ സെക്രട്ടറി കമ്മീഷന് സിറ്റിംഗില്‍ നേരിട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതിനെതിരെ ഇരിയ സ്വദേശി പി. നവീന്‍രാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത്.
180 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തിരക്കേറിയ ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ ജോലികള്‍ വൈകുന്നത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
ഉത്സവകാലത്തെ തിരക്ക് കൂടി കണക്കിലെടുത്ത് ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.