സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെട്ടില്ലെങ്കില്‍ വില വര്‍ധിപ്പിക്കുമെന്ന് ഹോട്ടലുടമകള്‍
1581142
Monday, August 4, 2025 2:14 AM IST
കാസര്‍ഗോഡ്: നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷ്യ മേഖല ഒന്നാകെ പ്രതിസന്ധിയിലാക്കിയതായും വിലക്കയറ്റം തുടര്‍ന്നാല്‍ ഹോട്ടല്‍ ഭക്ഷണവില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു.
വെളിച്ചണ്ണ, തേങ്ങ, ബിരിയാണി അരി ഉള്‍പ്പെടെ നിത്യാപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലയില്‍ രണ്ടു മേഖലകളായി തിരിച്ച് നാളെ രാവിലെ 10നു കുമ്പള പഞ്ചായത്തിലേയ്ക്കും ഏഴിനു രാവിലെ 10നു കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
പിസിബിയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ഉറവിട മാലിന്യസംസ്കരണത്തിന് പൊതു സംവിധാനം ഏര്പ്പെടത്തുക, അനധികൃത സമാന്തര ഹോട്ടല്‍ തട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധസമരം നടത്തുന്നതെന്ന് ജില്ലാ ഭാരവാഹികളായ നാരായണ പൂജാരി, ബിജു ചുള്ളിക്കര, മുഹമ്മദ് ഗസാലി, രഘുവീര്‍ പൈ, അബ്ദുള്ള താജ്, രാജന് കളക്കര, സത്യന് ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, നാരായണന് ഊട്ടുപുര എന്നിവര്‍ അറിയിച്ചു.