മെമു ട്രെയിനുകൾ മംഗളൂരു വരെ നീട്ടണം: ജില്ലാ വികസന സമിതി
1581141
Monday, August 4, 2025 2:14 AM IST
കാസർഗോഡ്: പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് നിലവിൽ കണ്ണൂർ വരെയുള്ള മെമു ട്രെയിനുകളുടെ സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എം. രാജഗോപാലന്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്.
നിലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് അടുത്തിടെ ആരംഭിച്ച മെമു സര്‍വീസ് കണ്ണൂര്‍ സ്റ്റേഷനില്‍ എല്ലാ ദിവസവും ഏകദേശം ഒന്‍പത് മണിക്കൂര്‍ നിഷ്ക്രിയമായി നിര്‍ത്തിയിടുകയാണ്. ഇത് കാസര്‍ഗോഡ് അല്ലെങ്കില്‍ മംഗളൂരു വരെ നീട്ടാൻ വലിയ ബുദ്ധിമുട്ടുകളില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
വീരമലക്കുന്നിലെ
ജലസംഭരണിയുടെ
സുരക്ഷിതത്വം
ഉറപ്പുവരുത്തണം
ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചലിനെ തുടര്‍ന്ന് അത്യന്തം അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും നിര്‍മാണ കമ്പനി ഗൗരവത്തിലെടുക്കാത്തതിന്റെ അനന്തരഫലമാണ് ഈ സ്ഥിതിയിലെത്തിച്ചത്.
ചെറുവത്തൂര്‍ പഞ്ചായത്തിലേക്കുള്ള ജലജീവന്‍ മിഷന്റെ 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണം വീരമലയില്‍ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ച സ്ഥലവും ഈ നിർമാണം നടക്കുന്ന സ്ഥലവും തമ്മില്‍ 30 മീറ്റര്‍ അകലം മാത്രമാണ് ഉള്ളത്.
ഇവിടെ ഇത്രയും കൂടി ഭാരം വരുമ്പോള്‍ അത് സുരക്ഷിതമാണോയെന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എം. രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
മറ്റു പ്രധാന
നിർദേശങ്ങൾ:
കടലേറ്റം രൂക്ഷമായ സ്ഥലങ്ങളില്‍ ശാശ്വത പരിഹാരത്തിനായി പദ്ധതി ആിഷ്കരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു.
ബേഡകത്ത് തുടങ്ങുന്ന ആട് ഫാമിലേക്ക് കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡില്‍ നിന്ന് 200 ആടുകളെ കൊണ്ടുവരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ടാറ്റ കോവിഡ് ആശുപത്രിലെ കണ്ടെയ്നറുകള്‍ സമയബന്ധിതമായി നീക്കംചെയ്യാന്‍ ജില്ലാ നിര്‍മിതികേന്ദ്രത്തിന് നിര്‍ദേശം നല്കി.
ഇവിടെ പുതിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചുകഴിഞ്ഞതായും നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനായി ഈ മാസം 30 നകം കണ്ടെയ്നറുകള്‍ നീക്കം ചെയ്യണമെന്നും സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.
കാസര്‍കോട്-കാഞ്ഞങ്ങാട്, ചെര്‍ക്കള- ജാല്‍സൂര്‍ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനായി ക്വട്ടേഷന്‍ വിളിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുകളില്‍ നിരന്തരമായുണ്ടാകുന്ന വിദ്യാര്‍ഥി സംഘര്‍ഷവും റാഗിംഗും കണക്കിലെടുത്ത് റെയില്‍വേ പോലീസ് നിതാന്ത ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുളിയാര്‍ എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും അനിമല്‍ വെല്‍ഫെയര്‍ ബോർഡിന്റെ അംഗീകാരം ലഭിക്കാത്തതിനാലാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
ബ്യാരി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാതൃഭാഷ കന്നഡയാണെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മെക്കാഡം റോഡുകൾ നിർമ്മാണത്തിനുശേഷം ജല അഥോറിറ്റിയുടെയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി കീറിമുറിക്കുന്നത് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജല അഥോറിറ്റിയുടെയും എൻജിനിയറിംഗ് വിഭാഗങ്ങൾ സംയുക്ത നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർദേശം നൽകി.