കാഞ്ഞങ്ങാട് മൂന്നു വിദ്യാർഥിനികൾ ഒളിച്ചോടിയത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്കൊപ്പം
1580976
Sunday, August 3, 2025 7:27 AM IST
കാഞ്ഞങ്ങാട്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്ന് വിദ്യാർഥിനികൾ ഒളിച്ചോടിയത് മയക്കുമരുന്ന് കേസുകളിൽ പ്രതികളായിരുന്ന യുവാക്കൾക്കൊപ്പമായിരുന്നുവെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്ന് കേസുകളും വെവ്വേറെ രജിസ്റ്റർ ചെയ്തതാണ്. വിദ്യാർഥിനികൾ 18 വയസ് തികയാൻ കാത്തുനിൽക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ പോലീസിന് ഇക്കാര്യത്തിൽ നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അപകടത്തിലേക്കാണ് പോകുന്നതെന്ന് വിദ്യാർഥിനികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രയാസമാണ്.
നിറകണ്ണുകളോടെയാണ് അവരുടെ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയതെന്നും ഇൻസ്പെക്ടർ പറഞ്ഞു. പിടിഎ പ്രസിഡന്റ് ഇ.വി. ജയകൃഷ്ണൻ അധ്യക്ഷനായി.
നഗരസഭാ കൗൺസിലർമാരായ എൻ. അശോക് കുമാർ, കുസുമ ഹെഗ്ഡെ, പ്രിൻസിപ്പൽ എൻ. വേണുനാഥൻ, മുഖ്യാധ്യാപിക പി. സുമ, സ്റ്റാഫ് സെക്രട്ടറി കെ.വി. രാജേഷ്, എം.പി. സൗമ്യ, എം. തുഷാര, പി.വി. ശ്രീജിത്ത്, ഡി.വി. സൂര്യ, ടി. സന്ധ്യ എന്നിവർ പ്രസംഗിച്ചു.