കന്യാസ്ത്രീകളുടെ അറസ്റ്റിൽ എകെസിസി പ്രതിഷേധം
1579831
Wednesday, July 30, 2025 1:04 AM IST
പാലാവയൽ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആൾക്കൂട്ട വിചാരണക്കൊടുവിൽ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച കിരാത നടപടിയിൽ എകെസിസി പാലാവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി.
പാലാവയൽ സെന്റ് ജോൺസ് പള്ളി അസി.വികാരി ഫാ. അമൽ ചെമ്പകശേരിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോയി കൊച്ചുകുന്നത്തുപറമ്പിൽ, സെക്രട്ടറി പ്രശാന്ത് പാറേക്കുടിയിൽ, ട്രഷറർ പി.കെ. ജോസഫ് പുള്ളോലിൽ, മേഖല വൈസ് പ്രസിഡന്റ് മോളി തോമസ്, ഇടവക കോ-ഓഡിനേറ്റർ ടോമിച്ചൻ വട്ടോത്ത്, ട്രസ്റ്റി ജോസ് പെരിങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
പടുപ്പ്: ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പടുപ്പ് സെന്റ് ജോര്‍ജ് ഇടവക എകെസിസിയുടെ നേതൃത്വത്തില്‍ പടുപ്പ് ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
അസി. വികാരി ഫാദര്‍ തോമസ് ചിന്താര്‍മണിയില്‍, എകെസിസി ഗ്ലോബല്‍ സെക്രട്ടറി പിയൂസ് പറേടം, ഫൊറോന സെക്രട്ടറി ജോസ് തൈപ്പറമ്പില്‍, യൂണിറ്റ് പ്രസിഡന്റ് ജോസ് അറക്കപ്പറമ്പില്‍, ജോയി കീച്ചേരി എന്നിവര്‍ നേതൃത്വം നല്കി.
മാലോം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അന്യായമായി കൽതുറങ്കിൽ അടച്ചതിൽ പ്രതിഷേധിച്ച് മാലോം ഫൊറോന കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തി.
ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബെന്നി തുളുമ്പൻമാക്കൽ അധ്യക്ഷതവഹിച്ചു. ടോമി തരിശിൽ, സ്കറിയ കാഞ്ഞമല എന്നിവർ പ്രസംഗിച്ചു.