കല്ലപ്പള്ളിയിൽ വീണ്ടും പുലി; വീട്ടുമുറ്റത്തുനിന്ന് നായയെ പിടിച്ചു
1579623
Tuesday, July 29, 2025 2:42 AM IST
പാണത്തൂർ: കല്ലപ്പള്ളിയിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ ദൊഡമന ബാബുവിന്റെ വീടിനു സമീപത്തെത്തിയ പുലി ചായ്പിൽ ഉറങ്ങിക്കിടന്ന വളർത്തുനായയെ കടിച്ചെടുത്ത് ഓടിമറയുകയായിരുന്നു.
നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴേക്കും പുലി ഇരുട്ടിലേക്ക് മറഞ്ഞു. വീടിനു സമീപത്തെ ചെളിനിറഞ്ഞ മണ്ണിൽ പുലിയുടേതെന്ന് സംശയിക്കാവുന്ന കാല്പാടുകൾ പതിഞ്ഞിട്ടുണ്ട്. നേരം പുലർന്നതിനു ശേഷം സമീപസ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും നായയുടെ അവശിഷ്ടങ്ങളൊന്നും കിട്ടിയില്ല.
പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നല്കി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ കല്ലപ്പള്ളി മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊണ്ടുപോയിട്ടുണ്ട്. ആഴ്ചയിലൊരുതവണയെങ്കിലും പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചതിനുശേഷം പുലി ഉൾവനത്തിലേക്കുതന്നെ മറയുകയാണെന്നാണ് സൂചന.
വീടിനു സമീപത്തുപോലും പുലെയെത്തിയതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയുണ്ടെന്നും പുലിയെ പിടികൂടാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തുമല പറഞ്ഞു.